'15 മിനിറ്റ് അധിക ജോലി, അഞ്ചു കാഷ്വല്‍ ലീവുകള്‍ കുറയ്ക്കും'; നാലാം ശനിയാഴ്ച അവധിയാക്കുന്നതിനെതിരെ സംഘടനകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2023 04:31 PM  |  

Last Updated: 10th January 2023 04:31 PM  |   A+A-   |  

government office

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആശ്രിത നിയമനത്തില്‍ പരിഷ്‌കാരം കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കാനുമുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് സര്‍വീസ് സംഘടനകള്‍. ആശ്രിത നിയമനം അഞ്ചുശതമാനമാക്കി പരിമിതപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍വീസ് സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. ആശ്രിത നിയമനത്തില്‍ നിലവിലെ രീതി തുടരണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു. 

പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനകളുടെ യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. ആശ്രിത നിയമനം അഞ്ചുശതമാനമാക്കി പരിമിതപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ആശ്രിത നിയമനം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണപക്ഷ അനുകൂല സംഘടനകള്‍ അടക്കമുള്ള സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി. ആശ്രിത നിയമനത്തില്‍ നിലവിലെ രീതി തുടരണമെന്ന് സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള നിര്‍ദേശവും സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. നാലാം ശനിയാഴ്ച അവധിയാക്കുകയാണെങ്കില്‍ വര്‍ഷം 12 അവധി ദിനങ്ങള്‍ അധികം ലഭിക്കും. ഇതിന് പകരമായി കാഷ്വല്‍ ലീവുകളുടെ എണ്ണം ചുരുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

20ല്‍ നിന്ന് 15 ആക്കി കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിന് പുറമേ അവധിക്ക് പകരമായി പ്രവൃത്തിസമയം രാവിലെയും വൈകീട്ട് 15 മിനിറ്റ് വീതം കൂട്ടണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. ഇതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍വീസ് സംഘടനകള്‍ പറഞ്ഞു. ഇതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

1500 ചതുരശ്രഅടി വരെയുള്ള നിര്‍മ്മാണങ്ങള്‍ ക്രമപ്പെടുത്തും;  വലിയ കെട്ടിടങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ്; നിയമഭേദഗതി ഈ സമ്മേളനത്തില്‍ തന്നെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ