എത്ര കോടി തട്ടിയെടുത്തു?; എവിടെയെല്ലാം നിക്ഷേപിച്ചു?; പ്രവീണ്‍ റാണയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

ഒളിതാവളം ഒരുക്കിയ പെരുമ്പാവൂര്‍ സ്വദേശിക്കു വേണ്ടിയുള്ള തിരച്ചിലും പൊലീസ് ഊര്‍ജ്ജിതമാക്കി
പ്രവീണ്‍ റാണ/ ഫയല്‍
പ്രവീണ്‍ റാണ/ ഫയല്‍

തൃശൂര്‍: 'സേഫ് ആന്റ് സ്‌ട്രോങ്' നിക്ഷേപതട്ടിപ്പുകേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയില്‍ ദേവരായപുരത്തു നിന്നും ഇന്നലെയാണ് പ്രവീണ്‍ റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് പ്രവീണിനെ തൃശൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചത്. 

ചോദ്യം ചെയ്യലിന് ശേഷം പ്രവീണിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് വൈകീട്ടോടെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ഇയാള്‍ക്ക് ഒളിതാവളം ഒരുക്കിയ പെരുമ്പാവൂര്‍ സ്വദേശിക്കു വേണ്ടിയുള്ള തിരച്ചിലും പൊലീസ് ഊര്‍ജ്ജിതമാക്കി. കൊച്ചിയില്‍ നിന്നും പൊലീസിനെ വെട്ടിച്ചു മുങ്ങിയ പ്രവീണ്‍ ബസിലാണ് കോയമ്പത്തൂരിലേക്ക് കടന്നതെന്നാണ് വിവരം. 

തട്ടിപ്പിലൂടെ എത്ര കോടി രൂപ സ്വരൂപിച്ചു, ഇത് എവിടെയെല്ലാം നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ജാമ്യം ലഭിക്കുന്നതു വരെ ഒളിവില്‍ പോകാന്‍ അഭിഭാഷകന്‍ നിര്‍ദേശിച്ചതായും പ്രവീണ്‍ പൊലീസിനോട് പറഞ്ഞു. പിടികൂടുന്ന സമയത്ത് പ്രവീണിന്റെ പക്കല്‍ പണം ഉണ്ടായിരുന്നില്ല. തട്ടിയെടുത്ത പണം അന്യസംസ്ഥാനത്തെ ഡാന്‍സ് ബാറുകളിലും മറ്റും നിക്ഷേപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

പൊള്ളാച്ചിക്ക് സമീപം ദേവരായപുരത്തെ ക്വാറിയില്‍ ഒരു തൊഴിലാളിയുടെ കുടിലില്‍ സ്വാമിയുടെ വേഷത്തില്‍ ഒളിച്ചുകഴിയുമ്പോഴാണ് പ്രവീണ്‍ റാണ പൊലീസിന്റെ പിടിയിലായത്. പൊലീസ് വളഞ്ഞപ്പോള്‍ നായ്ക്കളെ അഴിച്ചു വിട്ട് പരിഭ്രാന്തി പരത്തിയ പ്രവീണിനെ ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. തൊഴിലാളിയുടെ ഫോണില്‍ നിന്നും പ്രവീണിന്റെ ഭാര്യയുടെ ഫോണിലേക്ക് കോള്‍ വന്നതോടെയാണ് പ്രവീണിന്റെ ഒളിയിടം സംബന്ധിച്ച് പൊലീസിന് തുമ്പ് ലഭിക്കുന്നത്. 

'സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പ്രവീണിനെതിരായ കേസ്. പ്രവീണിനെതിരെ ഇതുവരെ 55 പരാതികളില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കടക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിക്ഷേപകരോട് 48% വരെ റിട്ടേണ്‍ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. കള്ളപ്പണം ഇയാള്‍ സിനിമയിലും നിക്ഷേപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com