പറവൂര്‍ ഭക്ഷ്യ വിഷബാധ: ചീഫ് കുക്ക് അറസ്റ്റില്‍, ഉടമകള്‍ക്ക് എതിരെ വധശ്രമത്തിന് കേസ്, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ മജ്‌ലിസ് ഹോട്ടലിന്റെ ചീഫ് കുക്ക് അറസ്റ്റില്‍
മജ്‌ലിസ് ഹോട്ടല്‍
മജ്‌ലിസ് ഹോട്ടല്‍

കൊച്ചി: പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ മജ്‌ലിസ് ഹോട്ടലിന്റെ ചീഫ് കുക്ക് അറസ്റ്റില്‍. ഹോട്ടല്‍ ഉടമകള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. പറവൂര്‍, തൃശൂര്‍, കോഴിക്കോട്, കളമശ്ശേരി എന്നിവിടങ്ങളിലായാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. പറവൂര്‍ മജ്ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

27 പേരാണ് പറവൂര്‍ ആശുപത്രിയില്‍ മാത്രം ചികിത്സയിലുള്ളത്. 20പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൃശൂരില്‍ 12, കോഴിക്കോട് 4 എന്നിങ്ങനെയാണ് ചികിത്സ തേടിയത്. കോഴിക്കോട് ചികിത്സയിലുള്ളവര്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തി ഇവിടെനിന്ന് കോഴിക്കോടേക്ക് പോയവരാണ്. പോകുന്നവഴി മജ്ലിസ് ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. പുലര്‍ച്ചെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

താലൂക്ക് ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന്് മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലില്‍ നിന്നു പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തതു പിടികൂടിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com