എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ സ്‌പൈന്‍ സര്‍ജറി; തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രത്യേക സംവിധാനം വരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2023 09:10 PM  |  

Last Updated: 19th January 2023 09:12 PM  |   A+A-   |  

veena_george

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍

 

തിരുവനന്തപുരം: എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി സൗജന്യമായി ചെയ്തുകൊടുക്കാൻ സർക്കാർ. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ പ്രത്യേക സംവിധാമൊരുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

ഇതിനായി ഓപ്പറേഷൻ ടേബിൾ ഉൾപ്പെടെ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എസ്എംഎ ബാധിച്ച കുട്ടികൾക്കായി സ്പൈൻ സ്‌കോളിയോസിസ് സർജറി ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. 

നട്ടെല്ലിന്റെ വളവ് സർജറിയിലൂടെ നേരെയാക്കുന്നതാണ് സ്പൈൻ സ്‌കോളിയോസിസ് സർജറി. എട്ട് മുതൽ 12 മണിക്കൂർ സമയമെടുക്കുന്ന സങ്കീർണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ 300 ഓളം സ്പൈൻ സ്‌കോളിയോസിസ് സർജറികൾ നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. എൻ.എച്ച്.എം. വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം ഇതിനായി ലഭ്യമാക്കും.

എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി ഈ സർക്കാർ എസ്.എം.എ. ക്ലിനിക് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്‌സലൻസ് പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തി. ഇതുകൂടാതെയാണ് എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്‌കോളിയോസിസ് സർജറിയ്ക്ക് പുതിയ സംവിധാനം വരുന്നത്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് സൂപ്രണ്ട്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, ഓർത്തോപീഡിക്സ്, അനസ്തീഷ്യ വിഭാഗം ഡോക്ടർമാർ, അപൂർവ രോഗങ്ങളുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി, 60 ദിവസം വരെ പ്രസവാവധി; ഉത്തരവിറക്കി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ