'പടയപ്പ'യെ വിരട്ടിയ ജീപ്പ് കസ്റ്റഡിയില്‍; ഡ്രൈവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം, കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2023 10:46 AM  |  

Last Updated: 19th January 2023 10:46 AM  |   A+A-   |  

padayappa_munnar

പടയപ്പയെ പ്രകോപിപ്പിക്കുന്നു/ ടിവി ദൃശ്യം

 

മൂന്നാര്‍: മൂന്നാറിലെ കാട്ടു കൊമ്പന്‍ പടയപ്പയെ വിരട്ടിയ സംഭവത്തില്‍, ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വനംവകുപ്പിന് വിവരം ലഭിച്ചത്. 

കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്‌റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജാ ആണ് കേസെടുത്തത്. ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കടലാറിലേക്കുള്ള പ്രധാന പാതയുടെ മുകള്‍ ഭാഗത്തു നിന്നിരുന്ന പടയപ്പയെ വാഹനത്തിലെത്തിയ ദാസ് വാഹനം ഇരപ്പിച്ചു പ്രകോപിപ്പിച്ചെന്നാണ് കേസ്. ഏറെ നേരം ഹോണ്‍ മുഴക്കുകയും വാഹനം ഇരപ്പിക്കുകയും ചെയ്തത് പടയപ്പയെ നേരിയ തോതില്‍ പ്രകോപ്പിച്ചു. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

കാട്ടുകൊമ്പന്‍ പടയപ്പയെ  കാണിക്കാം എന്ന് വാഗ്ദാനം നല്‍കി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിസോര്‍ട്ട് ഉടമകളും, ജീപ്പ് ഡ്രൈവര്‍മാരും ടൂറിസ്റ്റുകളെ കൂട്ടിക്കൊണ്ടു പോകുകയും ഈ സമയത്ത് ആനയെ പ്രകോപിപ്പിക്കുകയുമാണ് എന്നാണ് വനം വകുപ്പ് പറയുന്നത്. പടയപ്പയെ അടുത്ത് നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

വന്യമൃഗങ്ങളെ​ വിരട്ടിയാൽ തടവ്

ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വന്യജീവിസംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളെ വിരട്ടുന്നതും ആക്രമിക്കാനൊരുങ്ങുന്നതും ഒരു ലക്ഷം രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബൈക്കിലെത്തി, മുളക് സ്‌പ്രേ ചെയ്ത് വയോധികയുടെ മാല മോഷ്ടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ