ചിക്കൻ സാലഡിൽ ചത്ത പുഴു, 'ചെറിയ തെറ്റല്ലേ പ്രശ്‌നമാക്കണ്ട കാര്യമുണ്ടോ' എന്ന് ജീവനക്കാർ; അനുഭവം പങ്കുവച്ച് യുവതി 

കാക്കനാടുള്ള പ്രമുഖ ഭക്ഷണശാലയിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ സാലഡിൽ ചത്ത പുഴു. ഭക്ഷണത്തിന്റെ ചിത്രമടക്കം പങ്കുവച്ച് യുവതി
ചിക്കൻ സാലഡിൽ ചത്ത പുഴു/ ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിക്കൻ സാലഡിൽ ചത്ത പുഴു/ ചിത്രം: ഇൻസ്റ്റ​ഗ്രാം


കൊച്ചി: കാക്കനാടുള്ള പ്രമുഖ ഭക്ഷണശാലയിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ സാലഡിൽ ചത്ത പുഴു. ഭക്ഷണത്തിന്റെ ചിത്രമടക്കം പങ്കുവച്ചാണ് യുവതി തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ തുറന്നുപറഞ്ഞത്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതുമാത്രമല്ല ഇതേക്കുറിച്ച് ‌ജീവനക്കാരെ അറിയിച്ചപ്പോൾ 'ഇതൊരു ചെറിയ തെറ്റല്ലേ പ്രശ്‌നമാക്കണ്ട കാര്യമുണ്ടോ', എന്നാ‌യിരുന്നു മറുപടിയെന്നും യുവതി പറഞ്ഞു. കാക്കനാടുള്ള  ടോണിക്കോ കഫേയ്ക്കെതിരെയാണ് യുവതി രം​ഗത്തെത്തിയത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാ​ഗത്തിൽ പരാതി നൽകിയെന്നും യുവതി പറഞ്ഞു. 

സംഭവത്തെക്കുറിച്ച് വിശദീകരിച്ചുള്ള യുവതിയുടെ കുറിപ്പ് ഇങ്ങനെ

ഇന്ന് ടോണിക്കോ കഫേയിൽ ഞാൻ ലഞ്ച് കഴിക്കാൻ പോയി. ചിക്കൻ സാലഡ് കഴിച്ച് പകുതിയായപ്പോഴാണ് അതിൽ നൂല് പോലെ എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതോരു ചത്ത പുഴു ആണെന്ന് മനസ്സിലായത്. അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ വിളിച്ച് ഇത് കാണിച്ചു. എന്നിട്ട് ചേട്ടാ എന്താണിത് എന്ന് ചോദിച്ചു. അയാൾ ഒന്നും പറയാതെ എന്റെ പ്ലേറ്റ് അടുക്കളയിലേക്ക് കൊണ്ടുപോയി. ഞാൻ അയാളുടെ പിറകേ ചെന്ന് തടഞ്ഞു. അപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാരെല്ലാം വന്നു. അവരെയും ഞാൻ പ്ലേറ്റ് കാണിച്ചു. ഉത്തരവാദിത്വമുള്ള ആരെങ്കിലും ഉണ്ടോ സംസാരിക്കാൻ എന്ന് ഞാൻ തിരക്കി. അവർ ഷെഫിനെ വിളിച്ചു, ' ഓ ഇത് ലെറ്റിയൂസിൽ പൊതുവെ ഉണ്ടാകുന്നതാ' എന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. ഇതാണോ നിങ്ങൾ വിളമ്പുന്നത് എന്ന് ചോദിച്ചപ്പോൾ, ' ഇതൊരു ചെറിയ തെറ്റല്ലേ ഇത്ര പ്രശ്‌നമാക്കണ്ട കാര്യമുണ്ടോ' എന്നായി അയാൾ. അപ്പോൾ ഞാൻ പറഞ്ഞു 'നിങ്ങളുടെ ചെറിയ തെറ്റ് ഏകദേശം 3സെന്റീമീറ്റർ വലുപ്പമുള്ളതാണ്, അത് എന്റെ ഭക്ഷണത്തിലാണുള്ളത് അതുകൊണ്ട് എനിക്കിതൊരു വലിയ കാര്യമാണെന്ന്'. ഇതിനിടെ ആരോ ഒരാൾ പ്ലേറ്റിലുണ്ടായിരുന്ന ഭക്ഷണം കളഞ്ഞു, അത് കളയരുതെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. ഞാൻ ഒറ്റയ്ക്കായിരുന്നു, മുട്ടാപോക്ക് ന്യായങ്ങൾ പറയുന്നതിന് പകരം അവരുടെ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറയാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. അപ്പോൾ അവർ വേറെ ഓർഡർ നൽകാമെന്നാണ് എന്നോട് പറഞ്ഞത്. അവരുടെ വിശാലമനസ്‌കതയെ ഞാൻ വിനീതമായി നിഷേധിച്ചു. ഞാൻ നിയമപരമായി നീങ്ങുമെന്ന് അവരോട് പറഞ്ഞു. അപ്പോൾ അവർ അവരുടെ ജനറൽ മാനേജറെ വിളിച്ചുവരുത്തി. അയാൾ എത്താൻ തന്നെ ഏകദേശം അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. അയാൾ ജീവനക്കാർക്കുവേണ്ടി മാപ്പ് പറഞ്ഞു. പക്ഷെ വീണ്ടും അവർ വൃത്തിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണെന്നും ചിലപ്പോൾ പച്ചക്കറിയിൽ കാണാതെപോകുന്ന പുഴുക്കൾ ഉണ്ടാകാറുണ്ട്, ഇതൊരു മനുഷ്യസഹജമായ തെറ്റാണെന്നുമൊക്കെ ന്യായീകരിക്കാൻ തുടങ്ങി. അവരുടെ ഗൂഗിൾ റിവ്യൂ പരിശോധിക്കാൻ പോലും അയാൾ എന്നോട് പറഞ്ഞു. അത് എന്റെ ക്ഷമയുടെ അങ്ങേയറ്റമായിരുന്നു. അതുകഴിഞ്ഞപ്പോൾ എന്റെ കൈയിലുള്ള ഫോട്ടോ ഉപയോഗിച്ച് എനിക്കെന്ത് ചെയ്യാമോ അത് ഞാൻ ചെയ്യുമെന്ന് അവരെ അറിയിച്ചു. അയാൾ എന്നോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ ആ ലെറ്റ്യൂസ് കഥ വീണ്ടും കേട്ടുകൊണ്ടുനിൽക്കാൻ എനിക്ക് കഴിയില്ല, അതുകൊണ്ട് ഞാൻ അവിടെനിന്നിറങ്ങി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ ഞാൻ പരാതി നൽകി. അവർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പുനൽകി. അതിനുശേഷമാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ പറയണമെന്ന് എനിക്ക് തോന്നിയത്. കാരണം കാക്കനാടുള്ള ടോണിക്കോ കഫേ ആണിത്. അത്യാവശ്യം നല്ല ഗുഗിൾ റിവ്യൂ ഒക്കെയുണ്ട്. അതുകൊണ്ട് കൊച്ചിയിലുള്ള പലർക്കും ഈ കഫേ അറിയാമെന്ന് ഞാൻ കരുതുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com