ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്; അഞ്ചം​ഗ സംഘം, ഉത്തരവായി

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരടങ്ങുന്ന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരടങ്ങുന്ന ഫോഴ്‌സ് രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 

ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതും കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയായിരിക്കും. ഭക്ഷ്യവിഷബാധ ഉണ്ടായാൽ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ട് ചെയ്യൽ, പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവ ടാസ്‌ക് ഫോഴ്‌സ് ചെയ്യണം. ഇതിനുപുറമേ മാർക്കറ്റിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിന് മുമ്പുതന്നെ തടയാനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ഇതിനായി  ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉത്പാദക കേന്ദ്രങ്ങൾ, വിപണന മാർഗങ്ങൾ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ച് റിപ്പോർട്ട് നൽകണം. 

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിക്ക് നിർദ്ദേശം നൽകണം. നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുകയും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിക്ക് നിർദ്ദേശം നൽകുകയും വേണം. വ്യാജ ഓർഗാനിക്ക് ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ, വിൽപന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കണം. 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളിൽ ആവശ്യമായ അന്വേഷണവും നടപടിയും നടത്തണം. ഇതേക്കുറിച്ചുള്ള റിപ്പോർട്ടും നൽകണം. ഹെൽത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിർമ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ എടുക്കുകയും ആവശ്യമായ വിവരങ്ങൾ കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്യണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com