കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി; ഡീൻ ഉൾപ്പെടെ എട്ടുപേർ രാജിവച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2023 07:57 PM |
Last Updated: 23rd January 2023 07:57 PM | A+A A- |

വിദ്യാര്‍ത്ഥി സമരത്തില്‍ നിന്ന്
കോട്ടയം: കെആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ചിരുന്നവര്‍ രാജി സമര്‍പ്പിച്ചത്. പതിനെട്ടാം തീയതി തന്നെ ശങ്കര്‍ മോഹന് തങ്ങള്‍ രാജി നല്‍കിയിരുന്നതായി അധ്യാപകര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ഗുണനിലവാരമില്ലെന്ന പരാതി അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെ ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തും. അക്കാദമിക വിഷയങ്ങളിലെ പരാതി പരിശോധിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കും. കോഴ്‌സിന്റെ ദൈര്‍ഘ്യം സംബന്ധിച്ചുള്ള കാര്യങ്ങളും സമിതി പഠിക്കും. ഡിപ്ലോമകള്‍ സമയബന്ധിതമായി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുവരെ പഠനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും മാര്‍ച്ച് 31നകം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തും. പ്രധാന അധികാര സമിതികളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സമരം അവസാനിപ്പിച്ചതായി വിദ്യാര്‍ത്ഥികളും അറിയിച്ചു. എന്നാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചെയര്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായ കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശങ്കര്‍ മോഹനെ ശക്തമായി പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ശങ്കര്‍ മോഹന് എതിരെ ജാതിവിവേചനം അടക്കമുള്ള പരാതികളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ