ഇവിടെ പറയേണ്ടെന്ന് ടിപി രാമകൃഷ്ണന്‍; വേറെ എവിടെ പറയുമെന്ന് ഗണേഷ്; നടപടി എടുത്തോളൂവെന്ന് വെല്ലുവിളി 

'മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല'
ഗണേഷ് കുമാര്‍, ടിപി രാമകൃഷ്ണന്‍/ ഫയല്‍
ഗണേഷ് കുമാര്‍, ടിപി രാമകൃഷ്ണന്‍/ ഫയല്‍

തിരുവനന്തപുരം: ഇടതുമുന്നണി നിയമസഭാ കക്ഷി യോഗത്തിലെ കെ ബി ഗണേഷ് കുമാരിന്റെ വിമര്‍ശനം ഗൗരവമേറിയതെന്ന് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. കിഫ്ബി പദ്ധതികള്‍ക്ക് ഉള്‍പ്പെടെ വേഗമില്ലെന്ന് ഭരണകക്ഷി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമസഭ കക്ഷി യോഗത്തില്‍ കെ ബി ​ഗണേഷ് കുമാറിന്റെ വിമർശനത്തെ കുന്നത്തുനാടു നിന്നുള്ള സിപിഎം എംഎല്‍എ പി വി ശ്രീനിജനും പിന്തുണച്ചു.

ഒരു കാര്യം ഇവിടെ പറയാനുണ്ടെന്ന ആമുഖത്തോടെയായിരുന്നു ഗണേഷ് വേദിയിലേക്കെത്തിയത്. ഓരോ മന്ത്രിമാരെയും പേരെടുത്തായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോര. പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാന്‍ പറ്റുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ നിര്‍മ്മാണമോ നിര്‍വഹണമോ നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ്‌കുമാര്‍ തുറന്നടിച്ചു. കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തി വീതം തരാമെന്ന് പറഞ്ഞ് എഴുതി വാങ്ങി. 

ഒറ്റയൊരെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ തന്നെ സ്ഥിതി ഇതാണ്. കിഫ്ബിയാണ് എല്ലാത്തിനും പോംവഴിയെന്നാണ് പറയുന്നത്. ഇപ്പോല്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടെന്നാണ് പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലക്‌സുകള്‍ വെച്ചു എന്നല്ലാതെ ാെന്നും നടക്കുന്നില്ല. ഇപ്പോള്‍ അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണെന്നും ഗണേഷ് കുമാര്‍ രോഷത്തോടെ പറഞ്ഞു. 

ഓരോ മന്ത്രിമാരെയും പേരെടുത്തു വിമര്‍ശിച്ച് ഗണേഷ്‌കുമാര്‍ കത്തിക്കയറിയപ്പോള്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ മുന്‍മന്ത്രി ടി പി രാമകൃഷ്ണന്‍ തടഞ്ഞു. ഇതൊന്നും പറയേണ്ട വേദി ഇതല്ലെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. അപ്പോള്‍ ഇവിടെയല്ലാതെ എവിടെ പറയുമെന്ന് ഗണേഷ്‌കുമാര്‍ തിരിച്ചുചോദിച്ചു. പറയാനുള്ളത് പറയുമെന്നും ഗണേഷ് പറഞ്ഞു. ഇതു തുറന്നു പറഞ്ഞതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ എടുത്തോളൂ എന്നും ഗണേഷ് കുമാര്‍ വെല്ലുവിളിച്ചു. 

ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങളെ സിപിഐ എംഎല്‍എമാരും കയ്യടിച്ച് പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു എല്‍ഡിഎഫ് എംഎല്‍എമാരുടെ യോഗം ചേര്‍ന്നത്. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് വീണ്ടും യോഗം ചേരാനും അതില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ധാരണയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com