അതു നോട്ടപ്പിശക്, ചൂണ്ടിക്കാട്ടിയവര്‍ക്കു നന്ദി; 'വാഴക്കുല' വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2023 01:03 PM  |  

Last Updated: 31st January 2023 01:03 PM  |   A+A-   |  

chinta_jerome

ചിന്ത ജെറോം വാര്‍ത്താ സമ്മേളനത്തില്‍/ടിവി ദൃശ്യം

 

ഇടുക്കി: പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തില്‍ വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയത് നോട്ടപ്പിശകെന്ന്, യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. അതു ചൂണ്ടിക്കാണിച്ചവര്‍ക്കു നന്ദി പറയുന്നതായും ചിന്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗവേഷണത്തിന്റെ പ്രധാന വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണത്. എങ്കിലും നോട്ടപ്പിശക് അംഗീകരിക്കുന്നു. പ്രബന്ധം പുസ്തകമാക്കുമ്പോള്‍ പിശകു തിരുത്തും. സദുദ്ദേശ്യത്തോടെയാണ് തെറ്റു ചൂണ്ടിക്കാണിച്ചതെന്നാണ് കരുതുന്നത്. അവര്‍ക്കു നന്ദി പറയുന്നുവെന്നും ചിന്ത അറിയിച്ചു.

പിശകിന്റെ പേരില്‍ തനിക്കു നേരെ വലിയ വിമര്‍ശനമുണ്ടായി. മനുഷ്യസഹജമായ തെറ്റെന്നതു പരിഗണിക്കാതെ, സ്ത്രീത്വത്തിനു നേരെ പോലും ആക്രമണമുണ്ടായെന്ന് ചിന്ത ജെറോം പറഞ്ഞു.

ഇതേ തെറ്റ് ഇതേപോലെ ബോധി കോമണ്‍സ് എന്ന സൈറ്റില്‍ വന്നതു ചൂണ്ടിക്കാട്ടി താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്നും വാര്‍ത്ത വന്നു. അതു ശരിയല്ല. ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല. അതേസമയം ബോധി കോമണ്‍സ് ഉള്‍പ്പെടെയുള്ളവയില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതു റഫറന്‍സില്‍ സൂചിപ്പിച്ച കാര്യമാണെന്നും ചിന്ത വിശദീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിച്ചു;  രാജി പ്രഖ്യാപിച്ച് അടൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ