പേമാരിപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം;  മരം കടപുഴകി, വീടുകള്‍ തകര്‍ന്നു; അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം; വീഡിയോ

5 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയില്‍ വീണ മരം മുറിച്ചുമാറ്റുന്നു
ശക്തമായ മഴയില്‍ വീണ മരം മുറിച്ചുമാറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

5 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മീന്‍പിടിത്തത്തിനു പോകാന്‍ പാടില്ല.പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു. 

ആലപ്പുഴയില്‍ കനത്ത മഴയാണ് തുടരുന്നത്. പലയിടത്തും വീടുകളില്‍ വെള്ളം കയറി. ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാളികുളത്ത് മത്സ്യക്കടയുടെ മുകളില്‍ തെങ്ങുവീണു. 

കൊല്ലം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. 

പമ്പാ, അച്ചന്‍കോവില്‍, മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കക്കി-ആനത്തോട്, പമ്പാ ഡാമുകളിലെ സംഭരണ ശേഷി തൃപ്തികരമായ അളവിലാണെന്നുും മണിക്കൂറുതോറും നിരീക്ഷിച്ചു വരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.. കഴിഞ്ഞ കാലങ്ങളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍  പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തൃശൂര്‍ പെരിങ്ങാവില്‍ റോഡില്‍ മാവ് കടപുഴകി വീണു. വൈദ്യുതി ലൈനുകളും മറ്റ് കേബിള്‍ സംവിധാനവും താറുമാറായി. കോട്ടയം വൈക്കം വെച്ചൂരില്‍ വീട് ഇടിഞ്ഞു വീണു, ആര്‍ക്കും പരുക്കില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് തുടരുന്നത്. 

കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ് - സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്സി, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കു മാറ്റമില്ല. കാസര്‍കോട് ജില്ലയിലെ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com