

കൊച്ചി:സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് മൂന്ന് മരണം. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും കോട്ടയത്തും ഒരാളുമാണ് മരിച്ചത്. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്.
ചങ്ങനാശേരിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്.തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിലാണ് കുളിക്കാനിറ
ആര്യനാട് മലയടിയില്‍ കുളത്തില്‍ വീണാണ് അക്ഷയ് മരിച്ചത്. 15 വയസായിരുന്നു. വിതുര ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.
പാറശാല ചെറുവാരക്കോണത്ത് വീടിന് മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെയാണ് കാല്‍തെറ്റി വീണ് ഗൃഹനാഥനായ ചന്ദ്രന്‍ മരിച്ചത്. 65 വയസായിരുന്നു. ടെറസില്‍ നിന്ന് താഴെ വീണ ചന്ദ്രനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴ തുടരുന്നു. കണ്ണൂരില്‍ വീണ്ടും ഉരുള്‍ പൊട്ടി. ചെറുപുഴ പുളിങ്ങോം ഉദയം കാണാക്കുണ്ടിലാണ് ഉരുള്‍പൊട്ടിയത്. സമീപത്തെ റോഡ് ഒലിച്ചുപോയി. ആളപായമില്ല. കണ്ണൂരിലെ നഗരപ്രദേശങ്ങളിലും തീരദേശങ്ങളിലും ശക്തമായ മഴ പെയ്തത്. നദികളിലും തോടുകളിലും വെള്ളം കരകവിഞ്ഞു. വളപട്ടണം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അഴിക്കോട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൡ വെള്ളം കയറി. 57 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പ്, പാനൂര്‍, തലശേരി തുടങ്ങി നഗരങ്ങളിലെ പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.
അഴീക്കോട് മണ്ഡലത്തില്‍ 3 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 125 പേരെ മാറ്റി പാര്‍പ്പിച്ചതായും 50 ഓളം പേര്‍ ബന്ധു വീടുകളിലേക്ക് മാറിയതായും കെ വി സുമേഷ് എംഎല്‍എ അറിയിച്ചു. ചാലാട് മണല്‍ കിസാന്‍ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ അതിവേഗത്തില്‍ ആളുകളെ ഒഴിപ്പിച്ചു. കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍ പൊട്ടലുണ്ടായി. വൈതല്‍ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുള്‍ പൊട്ടിയത്. ബിനോയ് എന്ന ആളുടെ പറമ്പിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. വന്‍തോതില്‍ കൃഷി നാശം ഉണ്ടായി.
കാസര്‍കോട് ജില്ലയില്‍ മഴക്കെടുതിയില്‍ 61 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 17 വീടുകള്‍ക്ക് നാശമുണ്ടായി. കാസര്‍കോട് താലൂക്കില്‍ 10 വീടുകള്‍ക്കാണ് നാശമുണ്ടായത്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ അഞ്ച് വീടുകള്‍ക്കും മഞ്ചേശ്വരം താലൂക്കില്‍ രണ്ടുവീടുകള്‍ക്കും കേടുപാട് സംഭവിച്ചു. കാസര്‍ഗോട്ടെ മൊഗ്രാല്‍, ഷിറിയ, മധുവാഹിനി പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാസര്‍ഗോഡ് മംഗല്‍പ്പാടി മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടന്തൂര്‍ ദേരമ്പള നടപ്പാലവും തകര്‍ന്നു. മരം ഒഴുകി വന്ന് തൂണിലടിച്ചാണ് പാലം തകര്‍ന്നത്. കാസര്‍ഗോഡ് അംഗടിമൊഗര്‍ പുത്തിഗെ റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മണ്ണ് മാറ്റിയ ശേഷമാണ് വാഹനങ്ങള്‍ക്ക് പോവാനായത്. ചോയംകോട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
അടുക്കത്തുവയലില്‍ വീശിയടിച്ച കാറ്റില്‍ വ്യാപക കൃഷി നാശമുണ്ടായി. ശക്തമായ മഴയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ദേശീയ പാത വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും വെള്ളക്കെട്ട് രൂക്ഷമാക്കി. ശക്തമായ മഴയെ തുടര്‍ന്ന് നിരവധി റോഡുകള്‍ തകര്‍ന്നു.
കോഴിക്കോട് കരുവഞ്ചാല്‍ മുണ്ടച്ചാലില്‍ മൂന്നു വീടുകളില്‍ വെള്ളം കയറി. കടവത്തൂര്‍ ടൗണ്‍ വെള്ളത്തിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. തൂവക്കുന്നില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മഴയെത്തുടര്‍ന്നു മരം വീണ് കൊയിലാണ്ടി ദേശീയപാതയില്‍ മൂടാ ടിവി മംഗലം സ്‌കൂളിനു സമീപം ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് കാരശേരി ചെറുപുഴ കരകവിഞ്ഞു, വല്ലത്തായിപ്പാറ പാലം മുങ്ങി. ജില്ലയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. വടകര നഗരസഭ മുതല്‍ ചോറോട് പഞ്ചായത്ത് അതിര്‍ത്തി വരെയാണ് മഴദുരിതം. തളീക്കരയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, ഗതാഗതം മുടങ്ങി.
നാദാപുരം അരയാക്കൂലില്‍ 25 ഓളം വീടുകളില്‍ വെള്ളം കയറി. കോടഞ്ചേരിയില്‍ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. ചെമ്പുകടവ് ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. 23 കുട്ടികള്‍ ഉള്‍പ്പെടെ 68 പേരാണ് ക്യാമ്പിലുള്ളത്. വെള്ളിമാടുകുന്നില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. എന്‍ജിഒ ക്വാട്ടേഴ്‌സ് വളാകുളം റോഡില്‍ ഗതാഗത തടസ്സം കെഎസ്ഇബി ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിഹരിക്കാന്‍ ശ്രമിക്കുകയാണ്.
കോഴിക്കോട് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൂനൂര്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊയിലാണ്ടി മൂടാടി വീമംഗലം സ്‌കൂളിന് സമീപം മരത്തിന്റെ ശിഖരം പൊട്ടി വീണതോടെ ഹൈവേയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് മരക്കൊമ്പ് മുറിച്ചുമാറ്റിയത്.
പത്തനംതിട്ടയില്‍ പമ്പാ നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇരവിപേരൂര്‍ ജംക്ഷനില്‍ വെള്ളം കയറി. ആലപ്പുഴയില്‍ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. സംസ്ഥാനപാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡിലും വെള്ളം കയറി. ഒറ്റപ്പാലം വാണിയംകുളത്ത് കാറ്റിലും മഴയിലും രണ്ടിടങ്ങളില്‍ മരങ്ങള്‍ വീണു ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. എറണാകുളത്തെ കണ്ണമാലിയില്‍ കടല്‍ക്ഷോഭത്തിന് താല്‍ക്കാലിക പരിഹാരം ഉടനെന്ന് ജില്ലാ കളക്ടര്‍ ഉമേഷ് അറിയിച്ചു. ജിയോ ബാഗുകള്‍ തീരത്ത് പെട്ടന്ന് തന്നെ സ്ഥാപിക്കും. കൊച്ചിയിലെ തീരത്ത് മുഴുവന്‍ കടല്‍ ഭിത്തി നിര്‍മ്മാണവും പദ്ധതിയിലുണ്ട്. കൊച്ചി നഗരത്തില്‍ കാര്യമായ വെള്ളക്കെട്ടുണ്ടായിട്ടില്ല. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും കണ്ണമാലിക്കാരോട് സംസാരിക്കാന്‍ സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ശക്തമായ മഴയെ തുടര്‍ന്ന് നെല്ലിക്കുഴിയില്‍ കിണറിന്റെ സംരക്ഷണ ഭിത്തി ഉള്‍പ്പെടെ ഇടിഞ്ഞു താഴ്ന്നു. കിണറിന്റെ മതില്‍ക്കെട്ടും ഒരു മോട്ടറും അടക്കം കിണറ്റിലേക്ക് പതിച്ചു. ആറോളം വീട്ടുകാര്‍ കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറാണ് തകര്‍ന്നത്.
തിരുവനന്തപുരം ജില്ലയിലെ വിതുര പൊന്മുടി റോഡില്‍ മരം വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പൊന്മുടി ഗോള്‍ഡന്‍ വാലിയ്ക്ക് സമീപമാണ് മരം വീണ് അപകടമുണ്ടായത്. വിതുര ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. കൊല്ലം പന്മനയില്‍ കിണര്‍ ഇടിഞ്ഞു താണു. നടുവത്തുച്ചേരി സ്വദേശി നിസാമുദ്ദീന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താണത്.
ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. ചെങ്ങന്നൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നു. നിലവില്‍ ചെങ്ങന്നൂര്‍ ആറും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. 93 കുടുംബങ്ങളില്‍ നിന്നായി 130 പുരുഷന്‍മാരും 132 സ്ത്രീകളും 39 കുട്ടികളുമുള്‍പ്പെടെ 301 പേര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്. തലവടി കുന്നുമാടി കുതിരച്ചാല്‍ പ്രദേശം ഒറ്റപ്പെട്ടു. 60 കുടുംബങ്ങളെ ബോട്ടില്‍ ക്യാമ്പിലേക്ക് മാറ്റും. പമ്പയാറിന്റെ തീരത്താണ് ഈ പ്രദേശം. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്.
പെരിങ്ങള്‍ കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനിടെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 422 മീറ്ററായാതായി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. ഡാമിലെ ജലാശയത്തിന്റെ പരമാവധി സംഭരണശേഷി 424 മീറ്ററാണ്. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇവ. ശക്തമായ പെയ്യുമെന്ന കരുതുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല.
അതിതീവ്രമഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates