വരയുടെ കുലപതിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ എടപ്പാളിൽ നടന്നു
സമകാലിക മലയാളത്തിനു വേണ്ടി എഡിറ്റർ സജി ജെയിംസ് പുഷ്പചക്രം അർപ്പിക്കുന്നു. പത്രാധിപ സമിതി അംഗം സതീശ് സൂര്യൻ സമീപം/ ചിത്രം സാഞ്ച് ലാൽ
സമകാലിക മലയാളത്തിനു വേണ്ടി എഡിറ്റർ സജി ജെയിംസ് പുഷ്പചക്രം അർപ്പിക്കുന്നു. പത്രാധിപ സമിതി അംഗം സതീശ് സൂര്യൻ സമീപം/ ചിത്രം സാഞ്ച് ലാൽ
Updated on
1 min read

മലപ്പുറം: അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ എടപ്പാളിൽ നടന്നു. എടപ്പാളിലെ വീട്ടിലും തൃശൂർ ലളിതകലാ അക്കാദമിയിലും നടന്ന പൊതുദർശനത്തിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. 

പുലർച്ചെ 12യോടെ  മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലളിതകലാ അക്കാദമി ചെയർമാനായും സർക്കാരിന്റെ പരമോന്നത ബഹുമതികൾ നേടിയും സാംസ്കാരിക കേരളത്തിന്റെ മുഖമായി മാറിയ നമ്പൂതിരിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നൽകിയത്. 

മൂത്ത മകൻ പരമേശ്വരൻ ചിതയ്ക്ക് തീ കൊളുത്തി. ചിത്രകലയെ ജനകീയവൽക്കരിച്ചവരിൽ പ്രധാനിയായ നമ്പൂതിരിക്ക് അന്തിമോപചാരമർപ്പിക്കാൻ പ്രമുഖരെത്തി. പാണക്കാട്  മുനവ്വറലി തങ്ങൾ നടൻ വികെ ശ്രീരാമൻ കവികളായ റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണൻ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു, മന്ത്രി കെ രാജൻ, സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ, ടിഎൻ പ്രതാപൻ  എംപി എന്നിവർ തൃശൂരിൽ അന്ത്യാഭിവാദ്യമർപ്പിച്ചു.

ഈ മാസം ഒന്നിനാണ് ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യകാല ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 

മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെയും ചിത്രകലാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മൂന്ന് തലമുറയിലെ എഴുത്തുകാർക്ക് വേണ്ടി കഥാപാത്രരൂപകല്പന ചെയ്തിട്ടുണ്ട് നമ്പൂതിരി. നമ്പൂതിരി നൽകിയ മുഖഛായയിലൂടെയാണ് പല കഥാപാത്രങ്ങളും മനസ്ലിൽ പതിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന്‌  പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്. 

കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും മറ്റു കോറിയിട്ട ചിത്രങ്ങൾ കണ്ട് പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്സ് കോളജിലെത്തിച്ചത്. 1960 ൽ മാതൃഭൂമിയിൽ ചേർന്നതോടെയാണ് നമ്പൂതിരി പ്രശസ്തി ആർജിക്കുന്നത്. സമകാലിക മലയാളത്തിലും കലാകൗമുദിയിലും ജോലി ചെയ്തിട്ടുണ്ട്.  തകഴി, വികെഎൻ, എംടി, ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com