'ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹം'; പ്രധാനമന്ത്രി മൗനം വെടിയണം; മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

മൂവാറ്റുപുഴ: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടനയില്‍ മതേതരത്വം എന്നെഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ദനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തിയ ജാഗോ ഭാരത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മണിപ്പൂരില്‍ പരസ്പരം കൊന്നു തീര്‍ക്കുന്നത് ഭാരതീയരാണോ മറ്റു രാജ്യക്കാരാണോ? ഭാരതീയന്‍ ആണെങ്കില്‍ ഭാരതീയന്റെ ജീവന്‍ സംരക്ഷിക്കാന്‍ ഇന്ത്യയുടെ ഭരാണിധികാരികള്‍ക്ക് ഉത്തരവാദിത്തമില്ലേ? മതവും വിശ്വാസവും അവിടെ നില്‍ക്കട്ടേ, അവിടുത്തെ പീഡനങ്ങളുടെ പേരില്‍ ഇന്ത്യയിലെ ക്രിസ്തുമതം തുടച്ചുനീക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അത് വെറും വ്യാമോഹമാണ്. മതത്തിന്റെ പേരില്‍ വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന വിഷയത്തില്‍ വലിയ ജാഗ്രത കാണിക്കണം. 

കലാപത്തിന് വിരാമമിടുന്നതില്‍ എന്താണ് ഭരണാധികാരികള്‍ ഇത്രയും സമയം എടുക്കുന്നു? പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം.അദ്ദേഹം സംസാരിക്കണം. രാജ്യത്തിന്റെ ഐക്യത്തെ കുറിച്ച് നിലപാട് വ്യക്തമാക്കണം. ഇന്ത്യയുടെ വൈവിധ്യം ഭരണഘടനയില്‍ എഴുതി ചേര്‍ത്തിരിക്കുന്നത് ആലങ്കാരിക പ്രയോഗമല്ല, ജീവിക്കുന്ന തത്വമാണ്. ഇവിടുത്തെ ഹൈന്ദവനും മുസല്‍മാനും ക്രിസ്ത്യാനുയും മതമില്ലാത്തവനും ജീവിക്കുന്നതിന് വലിയ അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. ഭരണം പിടിച്ചെടുക്കുന്നതിന് മതം ഉപയോഗിക്കുന്നത് പാപവും ജനാധിപത്യ വിരുദ്ധമാണ്. നമ്മുടെ നാട്ടില്‍ അത് സംഭവിക്കരുത്. ഭാരതത്തെ ഭാരതമായി സംരക്ഷിക്കാന്‍ നമുക്ക് കഴിയണം- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com