തൊണ്ണൂറിന്റെ നിറവിൽ എംടി, നിളയുടെ കഥാകാരന് പിറന്നാൾ ആശംസിച്ച് മലയാളം

മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എംടി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്
എംടി വാസുദേവൻ നായർ/ ഫയൽ ചിത്രം
എംടി വാസുദേവൻ നായർ/ ഫയൽ ചിത്രം

ലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90-ാം പിറന്നാൾ. ഒരു കാലത്തെ മുഴുവൻ അക്ഷരങ്ങളിലൂടെ പകർന്നെഴുതിയ നിളയുടെ കഥാകാരന് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളം. ഏതു കാലത്തും സംവദിക്കാവുന്ന എഴുത്ത്, പുറം ഇടപെടലുകളില്ലാതെ അദ്ദേഹം ലോകത്തെ കുറിച്ച് എഴുതി. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ സാംസ്കാരിക കേരളം എംടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയാണ്. 

മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ, എംടി എന്ന ചുരുക്കപ്പേരിൽ മലയാളത്തിൽ കഥകളുടെ കണ്ണാന്തളിപ്പൂക്കാലമൊരുക്കി. വറുതിക്കും സമൃദ്ധിക്കുമിടയിലെ ജീവിതത്തിന്റെ നോവോർമ്മയറി‌ഞ്ഞ ബാല്യകാലത്തെപ്പറ്റിയുള്ള തീക്ഷ്ണമായ ഓർമ്മകൾ എംടിയുടെ എഴുത്തിലെ കരുത്തായി. ബിരുദം നേടുമ്പോൾ രക്തം പുരണ്ട മൺതരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നിൽ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിൻറെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടൽകടന്നുപോയ ഷെർലക്കുമെല്ലാം എംടിയുടെ കീർത്തിമുദ്രാകളാണ് ഇപ്പോഴും. തൻറെ വരുതിയിൽ വായനക്കാരനെ നിർത്താൻ എഴുത്തുശൈലി തന്നെയായിരുന്നു എംടിയുടെ കൈമുതൽ. അത് ഹൃദയത്തോട് സംസാരിച്ചു.

മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു എംടിയുടെ പല നോവലുകളും. 23ാം വയസ്സിലാണ് എംടി തന്റെ  ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. 1958 ൽ നാലുകെട്ടിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.  മഞ്ഞു, കാലം, അസുരവിത്തു, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതിയാണ് അദ്ദേഹം ചലചിത്ര ലോകത്തേക്ക് ചുവടുവെക്കുന്നത്. 
54 ഓളം സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചു. മികച്ച തിരക്കഥക്കുള്ള നാഷണൽ അവാർഡ് നാല് തവണ അദ്ദേഹത്തിന് ലഭിച്ചു. 
എംടി  ആദ്യമായി സംവിധാനം ചെയ്ത നിർമ്മാല്യം എന്ന ചിത്രത്തിന് 1973-ൽ  രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com