

ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയുടെ മണ്ണിൽ ആഴത്തിൽ വേരൂന്നി നിന്ന വലിയ വൃക്ഷം. 50 വർഷത്തിലധികം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവെന്ന അപൂർവ റെക്കോർഡിനുടമയാണ് അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് ഉമ്മൻ ചാണ്ടി വിട വാങ്ങുന്നത്. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് കേരളത്തിന്റെ കൂടി കുഞ്ഞൂഞ്ഞായിരുന്നു.
1943 ഒക്ടോബർ 31നു കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശ്ശേരി എസ് കോളജ് എന്നിവിടങ്ങളിൽ നിന്നു ബിരുദവും എറണാകുളം ലോ കോളജിയിൽ നിന്നു നിയമ ബിരുദം നേടി.
സ്കൂൾ പഠന കാലത്ത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തുടക്കം. കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു. പിന്നീട് എഐസിസി അംഗമായി.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടി 1970 സെപ്റ്റംബർ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിച്ചാണ് തുടക്കം. സിപിഎം സിറ്റിങ് എംഎൽഎ ആയിരുന്നു ഇഎം ജോർജിനെ 7,288 വോട്ടുകൾക്ക് പരാജയപ്പെടുത്തി കന്നിയങ്കത്തിൽ തന്നെ വിജയം. പിന്നീട് വിജയ പരമ്പരകൾ. 1977, 80. 82, 87, 91, 96, 2001, 06, 11, 16, 21 വർഷങ്ങളിലും പുതുപ്പുള്ളിയിൽ നിന്നു വിജയിച്ചു കയറി. പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി.
ജന ഹൃദയങ്ങളിൽ ജീവിച്ച, ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്നായിരിക്കും എതിരാളികൾ പോലും ഉള്ളു കൊണ്ടു അംഗീകരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നു. നിയമസഭാംഗമായി 53 വർഷം തികച്ചു. 1977-78ൽ തൊഴിൽ മന്ത്രി, 1982ൽ ആഭ്യന്തര മന്ത്രി, 1991-94 കാലത്ത് ധനകാര്യ മന്ത്രി, 2006-11 വർഷങ്ങളിൽ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
