'ഞങ്ങൾ ഓരേ കാലത്ത് സഞ്ചരിച്ചവർ, അതീവ ദുഃഖം'- മുഖ്യമന്ത്രി; 'സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവ്'- അനുസ്മരിച്ച് നേതാക്കൾ

മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻ ചാണ്ടി/ ഫെയ്സ്ബുക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻ ചാണ്ടി/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: വിട പറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എന്നിവർ അനുശോചനം അറിയിച്ചു. 

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അ​ഗാധ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിൽ വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രം​ഗത്തെത്തി. പൊതു ജീവിതത്തിൽ ഒരേ കാലത്തു സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജന ജീവിതത്തിൽ ഇഴുകി ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു. 

'മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ, രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിൻ്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'- കേന്ദ്ര മന്ത്രി വി മുരളീധരൻ.

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ'- കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

'ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്... സാന്ത്വനവും പ്രതീക്ഷയുമായിരുന്നു... 
പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല... തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട'- പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

'ഉമ്മൻചാണ്ടി വിടവാങ്ങുകയാണ്. മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു'- സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ‌.

'മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ശ്രീ. ഉമ്മൻചാണ്ടി. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊർജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു'- ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com