പശ്ചിമഘട്ട സംരക്ഷണം: കരടു വിജ്ഞാപന കാലാവധി ഒരു വർഷംകൂടി നീട്ടി 

അടുത്തവർഷം ജൂൺ 30 വരെയാണു പുതുക്കിയ കാലാവധി. 2024 മാർച്ച് 31നുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
പശ്ചിമഘട്ടത്തിന്റെ അതിശയിപ്പിക്കുന്ന സൗന്ദര്യം/ ഫയൽ ചിത്രം
പശ്ചിമഘട്ടത്തിന്റെ അതിശയിപ്പിക്കുന്ന സൗന്ദര്യം/ ഫയൽ ചിത്രം

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരടു വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടി. വനം പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. അടുത്തവർഷം ജൂൺ 30 വരെയാണു പുതുക്കിയ കാലാവധി. 2024 മാർച്ച് 31നുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‌‌അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നീ എം പിമാരുടെ ചോദ്യത്തിന് മറുപടിയായാണ് വനം പരിസ്ഥിതി സഹമന്ത്രി അശ്വിനികുമാർ ചൗബേ ഇക്കാര്യം അറിയിച്ചത്. 

സംസ്ഥാന സർക്കാരുകളുമായും ബന്ധപ്പെട്ട കക്ഷികളുമായും ചർച്ച നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നെങ്കിലും അന്തിമ തീർപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. ഇവരുടെ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകാനുള്ള കാലാവധി മന്ത്രാലയം നീട്ടിയത്. 2013ൽ കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇറക്കിയ ഓഫിസ് മെമ്മോറാണ്ടമാണ് നിലവിലുള്ളത്. 

പരിസ്ഥിതിലോല മേഖലയുടെ (ഇഎസ്എ) പരിധിയിൽ നിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അവിടത്തെ ജനങ്ങളുടെ നിത്യജീവിത പ്രശ്നമാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഖനനമാണു പ്രശ്നം ഉയർത്തിയാണ് കർണാടക ആവശ്യമുന്നയിക്കുന്നത്. ഇഎസ്എ പരിധിയിൽനിന്ന് ആറായിരത്തിൽപരം ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്നാണ് കർണാടകയുടെ നിലപാട്. ഇരു സംസ്ഥാനങ്ങളും നിലപാടിലുറച്ച് നിൽക്കുന്നതാണ് നിലവിലെ പ്രതിസന്ധി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com