'ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം'; ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയെന്ന് പൊലീസ് 

സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന
കണ്ണൂരില്‍ കത്തിയമര്‍ന്ന ട്രെയിന്‍ കോച്ച്/എക്‌സ്പ്രസ്‌
കണ്ണൂരില്‍ കത്തിയമര്‍ന്ന ട്രെയിന്‍ കോച്ച്/എക്‌സ്പ്രസ്‌

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലാണ്. സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന. 

ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോച്ചിനു തീയിട്ടെന്നാണ് സിദ്ഗറിന്റെ മൊഴി. സ്‌റ്റേഷനു തൊട്ടടുത്തുള്ള ബിപിസിഎല്‍ സംഭരണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചുവിട്ടിരുന്നു. ഇതും പ്രകോപനമായി. 

ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും സിദ്ഗറിന്റേതു തന്നെയന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിയ കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയിലും പുഷന്‍ജിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തൊട്ടടുത്തുള്ള ബിപിസിഎല്‍ ഇന്ധനസംഭരണശാലയിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പുഷന്‍ജിത്ത് സിദ്ഗറിലേക്ക് അന്വേഷണം എത്തിയത്. 

ട്രെയിനിലെ സീറ്റ് കുത്തിക്കീറിയ ശേഷം തീയിട്ടു എന്നാണ് ഇയാള്‍ പറയുന്നത്. ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലും ലഭിച്ച വിവരം.

ഇന്നലെ പുലര്‍ച്ചെ 1.25ന്, റെയില്‍വേ ജീവനക്കാരനാണു ട്രെയിനില്‍ തീ കണ്ടത്. 1.35ന് അഗ്‌നിരക്ഷാസേനയെത്തി, ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കില്‍നിന്ന് 100 മീറ്റര്‍ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com