'പരീക്ഷ എഴുതാതെ പൂജ്യം മാര്‍ക്ക് ലഭിച്ച ഒരാള്‍ പാസ് ആകില്ല എന്ന് എല്ലാവര്‍ക്കുമറിയാം'

 എഴുതാത്ത പരീക്ഷ പാസായത് എങ്ങനെയാണെന്ന് അറിയില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം:  എഴുതാത്ത പരീക്ഷ പാസായത് എങ്ങനെയാണെന്ന് അറിയില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. പരീക്ഷ നടന്ന സമയത്ത് താന്‍ തിരുവന്തപുരത്തായിരുന്നു. പരീക്ഷാ കണ്‍ട്രോളറാട് ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും ആര്‍ഷോ പറഞ്ഞു. എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ആർക്കും കൊടുത്തിട്ടില്ല. അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ല. സംഭവിച്ചതു സാങ്കേതിക പിശകാണോ ബോധപൂർവമാണോ എന്നു പരിശോധിക്കണമെന്നും ആർഷോ പറഞ്ഞു. 

അതേസമയം പിഎം ആര്‍ഷോയ്‌ക്കെതിരെ മാധ്യമങ്ങളും വലതുപക്ഷവും വ്യാജവാര്‍ത്തകള്‍ ചമയ്ക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇവ ഓരോന്നിനെയും വസ്തുതകള്‍ അണിനിരത്തി എസ്എഫ്‌ഐ ചെറുത്തു തോല്‍പ്പിച്ചതുമാണ്. ഇനിയും കലി തീരാത്ത മാധ്യമങ്ങളും വലതുപക്ഷവും പുതുതായി ഉയര്‍ത്തിയ ആരോപണവും കെട്ടിച്ചമച്ചതാണ്. എറണാകുളം മഹാരാജാസ് കോളജില്‍ എം.എ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ പി.എം ആര്‍ഷോ എഴുതാത്ത മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ചു എന്ന പുതിയ പ്രചരണം വസ്തുതാ വിരുദ്ധമാണ്. പരീക്ഷാ റിസള്‍ട്ട് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതില്‍ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്‌ഐ നേതാവിന് എഴുതാത്ത പരീക്ഷയ്ക്ക് വിജയം എന്ന് വലതുപക്ഷവും അവര്‍ക്ക് ചൂട്ട്പിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്. 

പരീക്ഷയിലെ മാര്‍ക്കിന്റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയും, ടോട്ടല്‍ ക്രെഡിറ്റ് പോയന്റ്, സെമസ്റ്റര്‍ ക്രെഡിറ്റ് പോയന്റ് ആവറേജ്, സെം ഗ്രേഡ് എന്നിവ രേഖപ്പെടുത്താതെയും കൃത്യമായി തന്നെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ സാങ്കേതികപ്പിഴവ്മൂലം 'passed' എന്ന് രേഖപ്പെടുത്തിയതാണ് ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ലോകത്ത് ഒരു പരീക്ഷയിലും പരീക്ഷ എഴുതാതെ പൂജ്യം മാര്‍ക്ക് ലഭിച്ച ഒരാള്‍ പാസ് ആകില്ല എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി(nic)യാണ് മഹാരാജാസ് കോളേജിലെ പരീക്ഷാ ഫലങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാറുള്ളത്. NIC ക്ക് പറ്റിയ സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കോളേജ് പ്രിന്‍സിപ്പാള്‍ തന്നെ വിശദീകരിച്ചിട്ട് പോലും വാര്‍ത്ത പിന്‍വലിക്കുന്നതിനോ ശരിയായ വാര്‍ത്ത നല്‍കുന്നതിനോ ഇതുവരെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com