ഇനി സുഖമായി വാഗമണ്ണിലേക്ക് പോകാം; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2023 08:38 AM |
Last Updated: 07th June 2023 08:38 AM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
കോട്ടയം: കാത്തിരിപ്പിന് വിരാമംകുറിച്ച് ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ പുനർനിർമാണം പൂർത്തിയായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.
വർഷങ്ങളായി തകർന്ന് കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്. ഇതോടെ, പാലാ, ഈരാറ്റുപേട്ട മേഖലകളിൽനിന്നുള്ള വാഗമൺ യാത്ര ഇനി സുഗമമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റീ ടെൻഡറിൽ റോഡുപണി കരാറെടുത്ത് നാലുമാസത്തിൽ പൂർത്തിയാക്കിയത്.
2021 ഒക്ടോബറിലാണ് റോഡിന്റെ പുനരുദ്ധാരണത്തിന് 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറിൽ സാങ്കേതികാനുമതിയും ലഭിച്ചത്. കിഫ്ബിയിൽനിന്നുള്ള സാമ്പത്തികസഹായത്തോടെ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കാനായിരുന്നു പദ്ധതി. 2022 ഫെബ്രുവരിയിൽ 16.87 കോടി രൂപയ്ക്ക് കരാറായി. ആറുമാസംകൊണ്ട് റോഡുപണി പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധനയെങ്കിലും നിർമാണപ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കി. പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി രണ്ടാമത് ടെൻഡർ എടുത്ത് റോഡ് നിർമാണം പൂർത്തീകരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നാറിൽ പലചരക്ക് കട തകർത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ