'ആ പരീക്ഷ എഴുതേണ്ട ആളല്ല ഞാന്‍, രജിസ്റ്റര്‍ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ല'

ആരോപണം നിഷ്‌കളങ്കമാണെന്ന വിശ്വാസം തനിക്കില്ലെന്ന് ആര്‍ഷോ
പിഎം ആര്‍ഷോ/ഫെയ്‌സ്ബുക്ക്‌
പിഎം ആര്‍ഷോ/ഫെയ്‌സ്ബുക്ക്‌

കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ചെന്നു രേഖപ്പെടുത്തി മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന വിവാദത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ആരോപണം നിഷ്‌കളങ്കമാണെന്ന വിശ്വാസം തനിക്കില്ലെന്ന് ആര്‍ഷോ ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു. പ്രചരിപ്പിക്കപ്പെടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും ആര്‍ഷോ കുറിപ്പില്‍ അവകാശപ്പെട്ടു.

'2020 ബാച്ചില്‍ ആണ് ഞാന്‍ മഹാരാജാസ് കോളജില്‍ ആര്‍ക്കിയോളജി വിഭാഗത്തില്‍ പ്രവേശിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഞാന്‍ എഴുതിയിട്ടില്ല, ആ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷ സെന്റര്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഞാന്‍ ഇല്ല, സെമസ്റ്ററിലെ അഞ്ചു വിഷയങ്ങളിലും ഞാന്‍ ആബ്‌സെന്റ് ആയിരുന്നു, പരീക്ഷയ്ക്ക് ശേഷം 2022 ഒക്ടോബര്‍ മാസം 26 ന് ഉച്ച കഴിഞ്ഞ് 1.42 ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും അതില്‍ കൃത്യമായി ഞാന്‍ പരീക്ഷ എഴുതിയിട്ടില്ല എന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്',- ആര്‍ഷോ വിശദീകരിച്ചു. 

ഇന്നലെ മുതല്‍ പ്രചരിപ്പിക്കുന്ന മാര്‍ക്ക് ലിസ്റ്റ് 2021 ബാച്ച് വിദ്യാര്‍ഥികളുടെ റെഗുലര്‍ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ റെഗുലര്‍ പരീക്ഷ എഴുതേണ്ട ആളല്ല താന്‍. അങ്ങനൊരു പരീക്ഷ എഴുതാന്‍ താന്‍ ഫീസ് അടയ്ക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഈ മാര്‍ക്ക് ലിസ്റ്റില്‍ ആണ് തന്റെ പേര്‍ ഉണ്ട് എന്ന നിലയില്‍ മാധ്യമങ്ങളും ഇതര രാഷ്ട്രീയ പാര്‍ട്ടികളും, സാങ്കേതിക പ്രശ്‌നം എന്ന നിലയില്‍ കോളജ് പ്രിന്‍സിപ്പളും പ്രചരിപ്പിച്ചിട്ടുള്ളതെന്ന് ആര്‍ഷോ പറഞ്ഞു.

മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവരുമ്പോള്‍ ഇടമലക്കുടയിലെ എസ്എഫ്‌ഐ ക്യാമ്പയിന്റെ ഭാഗമായിരുന്നതിനാല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമായിരുന്നില്ല. വൈകീട്ട് തിരിച്ചുള്ള യാത്രയില്‍ വിവരം അറിയുമ്പോഴേക്ക് പ്രചാരണം സാധ്യമായ എല്ലാ ഇടങ്ങളിലും എത്തിയിരുന്നു. സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റിവന്നിരുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

ഡിപ്പാര്‍ട്ട്‌മെന്റിലെ പല പ്രശ്‌നങ്ങളില്‍ ഇടപെട്ട ആള്‍ എന്ന നിലയില്‍ ആരോപണങ്ങള്‍ നിഷ്‌കളങ്കമെന്നു കരുതാനാവില്ല. കര്‍ശന നിയമ നടപടികളുമായും പ്രതിരോധവുമായും മുന്നോട്ടുപോവുമെന്ന് ആര്‍ഷോ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com