ആറ് വയസുകാരിയെ കൊലപ്പെടുത്തിയ അച്ഛന്‍ ജയിലില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

By സമകാലികമലയാളം ഡെസ്ക്  |   Published: 08th June 2023 07:58 PM  |  

Last Updated: 08th June 2023 08:06 PM  |   A+A-   |  

MAHESH

നക്ഷത്ര, ശ്രീമഹേഷ്

 

ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ് വയസുകാരി നക്ഷത്രയുടെ അച്ഛന്‍ ശ്രീമഹേഷാണ് ജയിലില്‍ വെച്ച് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് സംഭവം. കൈയിലെ ഞരമ്പും ശ്രീമഹേഷ് മുറിച്ചു. മുറിവ് ഗുരുതരമെന്ന് പൊലീസ് പറയുന്നു. അതിനിടെ മകളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ് പറയുന്നു. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.കൊലയ്ക്ക് ഉപയോഗിച്ച മഴു പൊലീസ് കണ്ടെടുത്തു. കൊലപാതകം നടത്താനായി മഹേഷ് പ്രത്യകം മഴു തയ്യാറാക്കിയതാണെന്നും പൊലീസ് പറയുന്നു. സ്വന്തം അമ്മയേയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതിന്റെ കടുത്ത നിരാശയിലായിരുന്നു മഹേഷ്. നാളുകളായി ഇയാള്‍ പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. 

കഴിഞ്ഞദിവസം വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടര്‍ന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.

നക്ഷത്രയുടെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിനു ശേഷമാണ് നാട്ടിലെത്തിയത്. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊല്ലാൻ പ്രത്യേക മഴു; കുട്ടിയോട് അടങ്ങാത്ത പക, പുനർവിവാഹം മുടങ്ങിയതിന്റെ നിരാശ; ആറ് വയസുകാരിയുടെ കൊലപാതകം ആസൂത്രിതം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ