'ഇന്ന് രാഖിമോളുടെ പിറന്നാളാണ്, അവൾക്ക് നീതി ലഭിച്ചു'

രാഖിയുടെ പിറന്നാൾ ദിനത്തിൽ അവളെ തേടി നീതി എത്തിയിരിക്കുകയാണ്
രാഖി, അഖില്‍/ഫയല്‍ ചിത്രം
രാഖി, അഖില്‍/ഫയല്‍ ചിത്രം
Updated on
1 min read

പ്രിയതമനൊപ്പമുള്ള മനോഹര ജീവിതം സ്വപ്നം കണ്ടാണ് അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ജീവിതം കൊതിച്ചെത്തിയ തന്നെ കാമുകൻ കൊണ്ടുപോയത് കൊലക്കളത്തിലേക്കാണെന്ന് അവൾ അറിഞ്ഞില്ല. അവളെ കൊന്ന് മറവ് ചെയ്യാനുള്ള കുഴിവരെ അവൻ തയാറാക്കി വെച്ചിരുന്നു. കാണാതായി ഒരു മാസത്തിന് ശേഷമാണ് കാമുകനായ അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് രാഖിയുടെ മൃതദേഹം കണ്ടെത്തുന്നത്. വർഷങ്ങൾക്ക് ശേഷം രാഖിയുടെ പിറന്നാൾ ദിനത്തിൽ അവളെ തേടി നീതി എത്തിയിരിക്കുകയാണ്. അവളെ ക്രൂരമായി കൊലപ്പെടുത്തിയ കാമുകനും സഹായികൾക്കും ജീവപര്യന്തം ശിക്ഷ. 

രാഖിമോളുടെ പിറന്നാളാണെന്ന വിവരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് മാധ്യമങ്ങളോട് പറഞ്ഞത്. 'ഇന്ന് മരിച്ചു പോയ രാഖിമോളുടെ പിറന്നാളാണ്. അന്നേദിവസം കേസിൽ വിധി വന്നു, അവൾക്ക് നീതി ലഭിച്ചു'- എന്നായിരുന്നു പ്രതികരണം. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശിനി രാഖിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മറവുചെയ്ത കേസിലെ പ്രതികളായ അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരേയാണ് കോടതി ശിക്ഷിച്ചത്. മൂന്നുപേർക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. 4 ലക്ഷം രൂപ വീതം പിഴ അടക്കുകയും വേണം.

2019ലാണ് കേരളത്തെ നടുക്കിയ അമ്പൂരി രാഖി കൊലപാതകം നടക്കുന്നത്. വീട്ടില്‍നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാമുകനായ അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് മൃതദേ​ഹം കണ്ടെത്തിയത്. 

സൈനികനായ അഖില്‍ എസ്.നായരും രാഖിയും ആറു വർഷത്തോളമായി പ്രണയത്തിലായിരുന്നു. മിസ്ഡ്‌കോള്‍ വഴിയാണ് അഖിലും രാഖിയും ആദ്യമായി പരിചയപ്പെട്ടത്. പ്രണയത്തിലായ ഇരുവരും രഹസ്യമായി വിവാഹം ചെയ്യുകയും ചെയ്തിരുന്നു. രാഖിയുടെ മൃതദേഹത്തില്‍നിന്ന് താലിച്ചരട് കണ്ടെടുത്തതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 2019 മേയ് മാസത്തോടെ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതോടെ രാഖിയെ ഒഴിവാക്കാനായിരുന്നു ഇയാളുടെ ശ്രമം. പക്ഷേ, അഖിലുമായി വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി രാഖി തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി. വിവാഹം മുടങ്ങിയതോടെയാണ് കൊലപാതകം നടത്താൻ അഖിൽ ആസൂത്രണം നടത്തുന്നത്. സഹായത്തിനായി സഹോദരനേയും സുഹൃത്തിനേയും കൂടെക്കൂട്ടി.

ജൂണ്‍ 21നു കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്നു പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി. പുതിയതായി നിര്‍മിക്കുന്ന വീടു കാണിക്കാനെന്ന് പറഞ്ഞാണ് രാഖിയെ അമ്പൂരിയിലെത്തിച്ചത്. ആളൊഴിഞ്ഞ പ്രദേശത്തുവച്ച് രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. ഇതിനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്തു വരാതിരിക്കാനുമായി മൂന്നു ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com