

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം എംഎസ്എം കോളജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കലിംഗ യൂണിവേഴ്‌സ്റ്റിയില്‍ പഠിച്ചത് എന്ന് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. മാര്‍ച്ച് 2017ല്‍ ആണ് നിഖില്‍ പ്ലസ് ടു പാസാകുന്നത്. ജൂലൈ 2017ല്‍ അദ്ദേഹം കലിംഗയില്‍ വിദ്യാര്‍ഥിയായി എന്നാണ് അവരുടെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. കായംകുളത്ത് നിന്ന് റായ്പൂരിലേക്ക് ഫ്‌ലൈറ്റ് ഒന്നും ഇല്ലല്ലോ? രണ്ടും റെഗുലര്‍ കോഴ്‌സുകള്‍ ആണ്. കലിംഗയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാകണം എന്നാണ് പ്രഥമ ദൃഷ്ട്യ തോന്നുന്നത് എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കലിംഗ സര്‍വകലാശാലയോടും പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ നിന്ന് അവസാനത്തെ സെമസ്റ്റര്‍ വരെ പരീക്ഷയെഴുതിയിട്ടുണ്ട്. അറ്റന്റന്‍സ് ഇല്ലാതെ പരീക്ഷയെഴുതാന്‍ കഴിയില്ല. 2018-19 വര്‍ഷത്തിലാണ് നിഖില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നത്. 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷം പ്രതിവര്‍ഷ കോഴ്‌സാണ് ചെയ്തത്. അവിടെ ഫസ്റ്റ് ക്ലാസില്‍ പാസായെന്നാണ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ച രേഖ. എന്നാല്‍ ഇവിടെ പഠിച്ച കാലത്ത് പല പേപ്പറുകളും അദ്ദേഹത്തിന് കിട്ടിയിട്ടില്ല.- വിസി പറഞ്ഞു.
ഇപ്പോള്‍ കലിംഗ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ വൈസാണ് പഠനം. അന്നെങ്ങനെ എന്ന് അറിയില്ല. ബികോം, ബികോം ഓണേര്‍സ് എന്നിങ്ങനെ രണ്ട് വിഷയമാണ് അവിടെയുള്ള ഡിഗ്രിയെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. അന്നെങ്ങനെയെന്ന് അറിയില്ല. ബാങ്കിങ് ഫിനാന്‍സ് ബികോം ഓണേര്‍സ് കോഴ്‌സാണ്. എന്നാല്‍ ബികോം ബാങ്കിങ് ഫിനാന്‍സ് എന്ന രേഖയാണ് ഹാജരാക്കിയത്. ഇക്കാര്യങ്ങളില്‍ വ്യക്തത തേടേണ്ടതുണ്ട്. കേരള സര്‍വകലാശാലയുടെ കയ്യില്‍ പരീക്ഷയെഴുതിയെന്നും തോറ്റിട്ടുണ്ടെന്നും രേഖയുണ്ട്. കലിംഗ സര്‍വകലാശാലയുടെ ബികോമിന് കേരള സര്‍വകലാശാലയില്‍ എലിജിബിളാണെന്ന അംഗീകാരമാണ് നല്‍കിയത്. കലിംഗ സിലബസും കേരളയുടെ സിലബസും നോക്കിയാണ് ഈ തീരുമാനം എടുക്കുന്നത്.
കായംകുളം കോളജിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കോളജില്‍ മൂന്ന് വര്‍ഷം പഠിച്ച് തോറ്റ കുട്ടി ബികോം പാസായെന്ന രേഖ കാണിച്ചപ്പോള്‍ പരിശോധിച്ചില്ല. അതിനാല്‍ കോളജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കോളജിന്റെ ഭാഗത്ത് ഗുരുതരമായ പിഴവാണ്. കലിംഗ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പറഞ്ഞാല്‍ വിവരം പൊലീസിനെ അറിയിക്കും. അതല്ല കലിംഗ സര്‍വകലാശാലയുടെ ഭാഗത്താണ് തെറ്റെങ്കില്‍ വിവരം യുജിസിയെ അറിയിക്കുമെന്നും വിസി വ്യക്തമാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റായിരിക്കാം എന്നാണ് നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.
റായ്പൂരിലും കായംകുളത്തും എങ്ങനെ ഒരേ സമയം പഠിച്ചുവെന്നതില്‍ സംശയങ്ങളുണ്ട്. അദ്ദേഹം കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതണമെങ്കില്‍ ഇവിടെ അറ്റന്റന്‍സ് വേണം. അദ്ദേഹത്തിന് ഇന്റേണല്‍ മാര്‍ക്ക് ലഭിക്കണം. അദ്ദേഹത്തിന് ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. അത് നല്‍കുന്നത് പഠിപ്പിക്കുന്ന അധ്യാപകരാണ്. അതിനാല്‍ നിഖില്‍ തോമസ് കേരളാ സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വ്യാജ സര്‍ട്ടിഫിക്കറ്റാണെങ്കില്‍ പ്രശ്‌നം വേഗത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates