പനി കിടക്കയിൽ കേരളം; ഇന്നും നാളെയും ഡ്രൈഡേ, കൊതുകിന്റെ ഉറവിടം നശിപ്പിക്കണം

ഇന്നലെ 13,521 പേരാണ് പനിയെ തുടർന്നു ചികിത്സ തേടിയത്. 125 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തു പനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഡ്രൈഡേ ആചരിക്കും. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നിരുന്നു. ഇന്നലെ നാല് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി. 

ഇന്ന് സർക്കാർ ഓഫീസുകളിലാണ് ഡ്രൈഡേ ആചരിക്കുന്നത്. നാളെ വീടുകളിൽ ഡ്രൈഡേ ആചരിക്കാനാണ് നിർദ്ദേശം. കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കും. 

ഇന്നലെ 13,521 പേരാണ് പനിയെ തുടർന്നു ചികിത്സ തേടിയത്. 125 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 12 എലിപ്പനി കേസുകളും റിപ്പോർട്ടു ചെയ്തു. പത്ത് ദിവസത്തിനിടെ 11,462 പേർക്കാണ് ഡ‍െങ്കിപ്പനി സ്ഥിരീകരിച്ചത്. 

അതിനിടെ പനിയുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടിയുടെ രോഗ വിവരം സ്കൂളിൽ നിന്ന്​ അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക്​ പനിയുണ്ടെങ്കിൽ ക്ലാസ്​ ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും അറിയിക്കണം.

ഇൻഫ്ലുവൻസയുടെ ചെറിയ ലക്ഷണമാണെങ്കിൽ പോലും സ്കൂളിൽ വരുന്ന കുട്ടികൾ നിർബന്ധമായും മാസ്ക്​ ധരിക്കണം. ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മുൻകരുതലെന്ന നിലയിൽ മാസ്ക്​ ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്കൂളുകളിലും ഒരു അധ്യാപകൻ/ അധ്യാപിക പകർച്ചവ്യാധി നോഡൽ ഓഫീസറായി പ്രവർത്തിക്കണം. പകർച്ചവ്യാധി ​പിടിപെടുന്ന കുട്ടികൾ/ ജീവനക്കാർ/ അധ്യാപകർ എന്നിവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്​ സ്കൂളിൽ ഡാറ്റ ബുക്ക്​ ഏർപ്പെടുത്തണം. 

ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനം നടത്താൻ നിർദ്ദേശമുണ്ട്. സ്​പെഷൽ ആരോഗ്യ അസംബ്ലി വെള്ളിയാഴ്ച സ്കൂളുകളിൽ ചേരാൻ നേരത്തെ നിർദേശം നൽകിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com