മലപ്പുറത്ത് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു, രോഗലക്ഷണങ്ങളുമായി 14 പേർ ചികിത്സ തേടി; ജാ​ഗ്രതാ നിർദേശം 

കൂടുതൽ പേർക്ക് ലക്ഷണങ്ങൾ കാണുന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ചികിത്സ തേടി. എട്ട് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ ആണ്. കൂടുതൽ പേർക്ക് ലക്ഷണങ്ങൾ കാണുന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്. പൊതുജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു.

വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലുള്ള പമ്പിങ് സ്റ്റേഷനിൽ നിന്ന് വിതരണം ചെയ്യുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടത്.  ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു. പുഴയിലേക്ക് സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. ഈ ഹോട്ടലുകൾ അടപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 

വിദഗ്ധ സംഘം പ്രതിരോധ നടപടികൾ വിലയിരുത്തി. രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ :8547918270, 9496127586, 9495015803.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com