'ബ്രഹ്മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം'; 'കക്കുകളിയില്‍' സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2023 10:12 AM |
Last Updated: 12th March 2023 10:12 AM | A+A A- |

കക്കുകളി നാടകം, സഭയില്‍ സര്‍ക്കുലര്‍ വായിക്കുന്നു, സ്‌ക്രീന്‍ഷോട്ട്
തൃശൂര്‍ : കക്കുകളി നാടക വിവാദത്തില്‍ സാംസ്‌കാരിക വകുപ്പിനെതിരെ തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍. കക്കുകളിയെ ഉന്നത കലാസൃഷ്ടിയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് വിമര്‍ശനം. കക്കുകളി നാടകത്തിനെതിരെ ഇടവകകളില്‍ സര്‍ക്കുലര്‍ വായിച്ചു. ബ്രഹ്മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധമെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തി.
ഫ്രാന്‍സിസ് നെറോണയുടെ ചെറുകഥയെ ആസ്പദമാക്കി തയ്യാറാക്കിയ 'കക്കുകളി'നാടകത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കത്തോലിക്കാസഭ. തൃശൂര്‍ അതിരൂപതയുടെ പള്ളികളിലാണ് ഇന്ന് സര്‍ക്കുലര്‍ വായിച്ചത്. സര്‍ക്കാരിനെതിരെയും സാംസ്‌കാരിക വകുപ്പിനെതിരെയും ശക്തമായ ഭാഷയിലാണ് സര്‍ക്കുലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പ്രത്യേകിച്ച് കന്യാസ്ത്രീ മഠങ്ങളെയും സഭയെയും മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ട്. ഇത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പകരം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂര്‍ അതിരൂപത മുന്നോട്ട് വെച്ചു.
തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തില്‍ നാടകം അരങ്ങേറിയതാണ് പ്രതിഷേധത്തിനുള്ള മുഖ്യ കാരണം. നാടകത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സഭ കുറ്റപ്പെടുത്തുന്നു. നാളെ രാവിലെ 9.30ന് പടിഞ്ഞാറെക്കോട്ടയില്‍ നിന്ന് ജില്ലാ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ക്രൈസ്്തവ വിശ്വാസത്തെയും പുരോഹിതരെയും അപഹസിക്കുന്നു എന്നതാണ് സഭ ഉന്നയിക്കുന്ന മുഖ്യ ആരോപണം.
കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ചരിത്രത്തെ അപനിര്‍മ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാര്‍ത്താക്കുറിപ്പില്‍ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയില്‍ അവസരം നല്‍കിയത് അപലപനീയമാണ്. അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകള്‍ നാടകത്തിനു നല്‍കുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ