'ചവിട്ടിയിട്ടില്ല എന്ന് രമ പറഞ്ഞു, വീഡിയോ കൈവശമുണ്ട്; സതീശന്‍ കഥ മെനയുന്നു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 01:13 PM  |  

Last Updated: 17th March 2023 01:13 PM  |   A+A-   |  

salam

എച്ച് സലാമും സച്ചിന്‍ദേവും മാധ്യമങ്ങളെ കാണുന്നു, സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം:  ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ആക്രമിച്ചതായി പ്രതിപക്ഷ എംഎല്‍എ കെ കെ രമ പറഞ്ഞിട്ടില്ലെന്ന് എംഎല്‍എമാരായ എച്ച് സലാമും സച്ചിന്‍ദേവും. ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ചവിട്ടിയിട്ടില്ല എന്ന് രമ പറയുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സത്യം ഇതായിരിക്കുമ്പോള്‍, രമയെ അമ്പലപ്പുഴ എംഎല്‍എയും സച്ചിന്‍ ദേവും ചവിട്ടി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കുന്നവര്‍ കുറച്ചെങ്കിലും അന്തസ് പാലിക്കാന്‍ തയ്യാറാവണമെന്നും ഇരുവരും കുറ്റപ്പെടുത്തി.

'ആശുപത്രിയില്‍ പോകുന്നതിന് മുന്‍പായി നിങ്ങളോട് രമ സംസാരിച്ചു. നാലഞ്ചു വാച്ച് ആന്റ് വാര്‍ഡുകള്‍ ഞങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി. അതിന്റെ ഭാഗമായി കൈയ്ക്ക് പരിക്ക് പറ്റി. ചെറിയ നീരുണ്ട്. എക്‌സറേ എടുക്കാന്‍ ആശുപത്രിയിലേക്ക് പോകുകയാണ് എന്നാണ് നിങ്ങളോട് പറഞ്ഞത്.'- എച്ച് സലാം പറഞ്ഞു.

'അപ്പോ നിങ്ങള്‍ തന്നെ ചോദിക്കുന്നുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടി എന്ന് കേള്‍ക്കുന്നുണ്ടല്ലോ. അപ്പോള്‍ കെ കെ രമ പറയുന്ന മറുപടി. സനീഷ് കുമാറിനെ ചവിട്ടി എന്ന് പറയുന്നത് കേട്ടു. അതും ഞാന്‍ കണ്ടില്ല. പറയുന്നത് കേട്ടതാണ്. എന്നാണ് പറയുന്നത്. അല്ലാതെ അമ്പലപ്പുഴ എംഎല്‍എയോ, സച്ചിന്‍ ദേവോ ചവിട്ടി എന്ന് കെ കെ രമയോ മറ്റാരും പറഞ്ഞിട്ടില്ല. ഇതിന്റെ ദൃശ്യങ്ങള്‍ എന്റെ കൈവശമുണ്ട'്- - എച്ച് സലാമിന്റെ വാക്കുകള്‍

'ഭരണപക്ഷ എംഎല്‍എമാര്‍ എന്നെ ചവിട്ടിയിട്ടില്ല എന്ന് കെ കെ രമ തന്നെ പറയുന്നു. ആ യാഥാര്‍ഥ്യം അവര്‍ തന്നെ പറയുന്നു. വാച്ച് ആന്റ് വാര്‍ഡുകള്‍ വലിച്ചപ്പോള്‍ പരിക്ക് ഉണ്ടായതാണെന്ന് അവര്‍ തന്നെ പറയുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് പറയുന്നത് അമ്പലപ്പുഴ എംഎല്‍എയും സച്ചിന്‍ ദേവും ചവിട്ടി എന്നാണ്. എന്തിന് വേണ്ടിയാണ്?, ആ സ്ഥാനത്തിരിക്കുന്നവര്‍ അന്തസ് പാലിക്കണം.  പുതിയ സംസ്‌കാരത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന പോലെയാണ് തോന്നുന്നത്.' - എച്ച് സലാം കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണര്‍ക്കു തിരിച്ചടി; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തത് റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ