'ആംബുലന്‍സില്‍ പോയിരുന്നെങ്കില്‍'; പൊട്ടല്‍ ഇല്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി; കെകെ രമ

ഇത് എന്റെ കുറ്റമല്ല. രോഗിയല്ല ചികില്‍സ തീരുമാനിക്കുന്നത്. പ്ലാസ്റ്ററിടുന്നത് സന്തോഷമുള്ള കാര്യമല്ല
നിയമസഭയിലെ സംഘര്‍ഷത്തെ തുടര്‍ന്ന പരിക്കേറ്റ് കൈക്ക് പ്ലാസ്റ്ററിട്ട് കെകെ രമ
നിയമസഭയിലെ സംഘര്‍ഷത്തെ തുടര്‍ന്ന പരിക്കേറ്റ് കൈക്ക് പ്ലാസ്റ്ററിട്ട് കെകെ രമ

തിരുവനന്തപുരം: കെകെ രമ പൊട്ടല്‍ ഇല്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശത്തിന്‌ കെകെ രമയുടെ മറുപടി. പ്ലാസ്റ്റര്‍ ഇടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചപ്പോള്‍ ബാന്‍ഡേജ് ഇട്ടാല്‍ മതിയോ എന്ന് തങ്ങള്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ പോരാ എന്ന് പറഞ്ഞത് തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ഡോക്ടര്‍ ഇക്കാര്യം തന്നോട് സ്വകാര്യമായി പറഞ്ഞതല്ല. എല്ലാവരുടെയും സാന്നിധ്യത്തിലാണ് പറഞ്ഞതെന്നും രമ പറഞ്ഞു. 

'കൈക്ക് പരിക്ക് ഇല്ലാത്ത ആള്‍ക്ക് ഡോക്ടര്‍ പ്ലാസ്റ്റര്‍  ഇട്ടുകൊടുക്കുമോ?. അത്തരം സംവിധാനങ്ങളാണോ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. അങ്ങനെ ചെയ്യുമെങ്കില്‍ അതിന് മറുപടി പറയേണ്ടത് കേരളത്തിലെ ആരോഗ്യവകുപ്പും സര്‍ക്കാരുമാണ്. ഇത് എന്റെ കുറ്റമല്ല. രോഗിയല്ല ചികില്‍സ തീരുമാനിക്കുന്നത്. പ്ലാസ്റ്ററിടുന്നത് സന്തോഷമുള്ള കാര്യമല്ല. പിന്നെ
ജോലികള്‍ ചെയ്യാന്‍ കഴിയില്ല. പരുക്കില്ലാത്ത രോഗിക്ക് പ്ലാസ്റ്ററിട്ടെങ്കില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'- കെകെ രമ പറഞ്ഞു.

എക്‌സ്‌റേ എന്ന പേരില്‍ രേഖകള്‍ പ്രചരിക്കുന്നത് യഥാര്‍ഥമാണോ എന്ന് ആശുപത്രിയാണ് വ്യക്തമാക്കേണ്ടത്. സ്വകാര്യവിവരങ്ങള്‍ പുറത്തുപോകുന്നത് ശരിയല്ല. അങ്ങനെ പോയെങ്കില്‍ ആരാണ് പുറത്തുവിട്ടതെന്നു വ്യക്തമാക്കണം. വലിയ പൊട്ടലേ എക്‌സ്‌റേയില്‍ കാണൂ ചെറിയ പൊട്ടല്‍ കാണില്ല എന്നു ഡോക്ടര്‍ പറഞ്ഞിരുന്നു. പൊട്ടല്‍ ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ല. ചതവുണ്ടെന്നും പരുക്കുണ്ടെന്നും പറഞ്ഞു. കൂടുതല്‍ മോശമാകാതിരിക്കാന്‍ പ്ലാസ്റ്റര്‍ ഇടണമെന്നു പറഞ്ഞതായും കെകെ രമ പറഞ്ഞു.

തന്നെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് രമ പറഞ്ഞു. തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യം ആദ്യദിവസം കിട്ടിയിരുന്നില്ല. പിന്നീട് ദൃശ്യം പരിശോധിച്ചപ്പോഴാണ് ആസൂത്രിതമാണെന്നും ഗൂഢാലോചന ഉണ്ടെന്നും മനസിലാക്കിയത്. അഞ്ചാറുപേര്‍ ചേര്‍ന്ന് വലിച്ചു പൊക്കിയശേഷം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റപ്പോള്‍ നിയമസഭയിലെ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്ത് ചികില്‍സയ്ക്കായിപോയി. മരുന്നിട്ടശേഷം, ജില്ലാ ആശുപത്രിയില്‍പോയി എക്‌സ്‌റേ എടുക്കാനും ആംബുലന്‍സില്‍പോകാനും ഡോക്ടര്‍ നിര്‍ദേശിച്ചു. ആംബുലന്‍സില്‍ പോയിരുന്നെങ്കില്‍ കഥ ഇനിയും മോശമാകുമായിരുന്നെന്ന് രമ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com