മാർ പൗവത്തിലിന്റെ സംസ്കാരം ബുധനാഴ്ച 10മണിക്ക്; പൊതുദർശനം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 19th March 2023 07:47 AM |
Last Updated: 19th March 2023 07:47 AM | A+A A- |

മാർ ജോസഫ് പൗവത്തിൽ
കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്കാരം ബുധനാഴ്ച. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 10മണിക്കാണ് സംസ്കാരചടങ്ങുകൾ. കുർബാന, നഗരികാണിക്കൽ, തുടർന്നാണ് കബറടക്കം. ചങ്ങനാശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലാണ് സംസ്കാരം.
ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ നിന്ന് പവ്വത്തിലിൻറെ ഭൗതികശരീരം അതിരൂപതാ ഭവനത്തിൽ എത്തിക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങും. 9:30ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. പള്ളിയിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പൊതുദർശനം. ബുധനാഴ്ച രാവിലെ 9:30ന് സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ആരംഭിക്കും.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിലായിരുന്നു പവ്വത്തിലിന്റെ വിയോഗം. അതിരൂപത ആസ്ഥാനത്ത് വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെത്തുടർന്നു വെള്ളിയാഴ്ചയാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'വിധി ഏകപക്ഷീയം, നഷ്ടപരിഹാരം തിട്ടപ്പെടുത്താതെയാണ് പിഴ ചുമത്തിയത്'; അപ്പീൽ നൽകുമെന്ന് കൊച്ചി മേയർ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ