യാത്രക്കാരി അബോധാവസ്ഥയില്‍, സൂപ്പര്‍ ഫാസ്റ്റ് ബസ് 'ആംബുലന്‍സ്'; വാഹനം തിരിച്ച് അതിവേഗത്തില്‍ ചീറിപ്പാഞ്ഞു, കാരുണ്യത്തിന്റെ നിമിഷങ്ങള്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2023 01:28 PM  |  

Last Updated: 20th March 2023 01:28 PM  |   A+A-   |  

ksrtc

യാത്രക്കാരിയെ രക്ഷിക്കാന്‍ ചീറിപ്പാഞ്ഞ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യം

 

മൂവാറ്റുപുഴ: യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി മാറിയപ്പോള്‍ യുവതിക്ക് ലഭിച്ചത് പുതുജീവിതം. ഉടന്‍ തന്നെ വാഹനം തിരിച്ച് അതിവേഗത്തില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയുടെ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് കാരുണ്യത്തിന്റെ നിമിഷങ്ങള്‍ അരങ്ങേറിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മല്ലപ്പള്ളിയില്‍നിന്നു പാലക്കാട്ടേയ്ക്കു പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസില്‍ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ പ്രസാദ്, കണ്ടക്ടര്‍ ജുബിന്‍ എന്നിവര്‍ ചേര്‍ന്ന് ബസ് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവം മൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല.

ഇതോടെ ബസ് ഒരു പെട്രോള്‍ പമ്പില്‍ കയറ്റി തിരിച്ചശേഷം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കെഎസ്ആര്‍ടിസി പങ്കുവച്ചു. പ്രസാദിന്റെയും ജുബിന്റെയും അവസരോചിതമായ ഇടപെടല്‍ മൂലമാണ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും തുടര്‍ചികിത്സ നല്‍കുവാനും സാധിച്ചതെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫിസുകളിലും ആദായനികുതി റെയ്ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ