അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പിന്റെ ഡമ്മി 'റേഷൻകട', ഉന്നതലയോ​ഗം ഇന്ന്

അരിക്കൊമ്പനെ പിടികൂടി ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം അവസാനഘട്ടത്തില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കോടനാട്ടുള്ള ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം അവസാനഘട്ടത്തില്‍. ഇതിനായി റേഷന്‍കടയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കി. ഇവിടേക്ക് ആനയെ ആകര്‍ഷിച്ച് പിടികൂടാനാണ് പദ്ധതി. ചിന്നക്കനാലിൽ സിമന്റുപാലത്തിന് സമീപം മുന്‍പ് അരിക്കൊമ്പന്‍ തകര്‍ത്ത വീട്ടിലാണ് താത്കാലിക റേഷന്‍കട ഒരുക്കുക.

ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പ്പെടെ, ആള്‍ത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേക്ക് ആകര്‍ഷിക്കും. 
കെണി ഒരുക്കുന്ന വീടിനോട് ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍ വെട്ടിമാറ്റി. വരും ദിവസങ്ങളില്‍ അരി പാകം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സിമന്റുപാലത്തിന് സമീപം അരിക്കൊമ്പന്‍ എത്തിയാല്‍ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം ഇന്ന് ചേരും.

ചിന്നക്കനാല്‍, സിങ്കുകണ്ടം, ബി.എല്‍.റാം, സൂര്യനെല്ലി, പൂപ്പാറ, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകള്‍ കാട്ടാനശല്യം പതിവാണ്. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള അരിക്കൊമ്പന്‍ ഇതുവരെ 12-ല്‍ അധികംപേരെ കൊന്നിട്ടുണ്ട്. റേഷന്‍കട തകര്‍ത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് 'അരിക്കൊമ്പന്‍' എന്ന് വിളിപ്പേരുവന്നത്. ഒരുവര്‍ഷത്തിനിടെ 10 തവണയാണ് റേഷന്‍കട തകര്‍ത്തത്. കൂടാതെ ഒട്ടേറെ വീടുകളും കടകളും അരിക്കൊമ്പന്റെ അരിശത്തിന് ഇരയായി.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ ആനയെ പിടികൂടാന്‍ കുങ്കിയാനയെ എത്തിച്ചു. വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ് നടക്കാന്‍ പോകുന്നതെന്ന് മൂന്നാര്‍ ഡി എഫ് ഒ  രമേഷ് ബിഷ്‌ണോയ് പറഞ്ഞു. നാല് കുങ്കിയാനകളെയാണ് ഇതിനായി ഉപയോ​ഗിക്കുക. 30 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം എട്ട് ടീമുകളായി തിരിഞ്ഞാവും പദ്ധതി നടപ്പാക്കുക. വനം വകുപ്പിനൊപ്പം പോലീസ്, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയും ദൗത്യത്തില്‍ പങ്കാളികളാവും. ആനയെ ആകര്‍ഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയായുടെ നേതൃത്വത്തിലുള്ള ദൗത്യസേനയും സ്ഥലത്തെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com