

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 804 കോടി 76 ലക്ഷം രൂപ അനുവദിച്ചു. വിവിധ ദേശീയപാതകളുടെ സ്ഥലം ഏറ്റെടുക്കലിനായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ച പദ്ധതിക്ക് അംഗീകാരം നല്‍കിയ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 766 ല്‍ കോഴിക്കോട് മലാപ്പറമ്പു നിന്നും വയനാടു ചുരത്തിന് താഴെ വരെ പുതുപ്പാടി വരെയുള്ള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായി 454 കോടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അടിമാലി-കുമളി പാതയുടെ നവീകരണത്തിന് ഭൂമി ഏറ്റെടുക്കലിനായി 350 കോടി 75 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
വയനാടിന്റെ ടൂറിസം സാധ്യതകളെപ്പറ്റി കേന്ദ്രമന്ത്രി ഗഡ്കരിയോട് വിശദമായി വിശദീകരിച്ചിരുന്നു. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രം അനുമതി നല്‍കിയ രണ്ടു പദ്ധതികളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പരമാവധി വേഗത്തില്‍ നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്ത് മൂന്നുലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട്. അതില്‍ 30,000 കിലോമീറ്ററാണ് പൊതുമരാമത്തു വകുപ്പിന് കീഴിലുള്ളത്. എന്നാല്‍ നമ്മുടെ റോഡുകള്‍ക്ക് ശരിയായ ഡ്രെയിനേജ് സംവിധാനമില്ല. ഇതുമൂലം റോഡുകള്‍ പെട്ടെന്ന് തകര്‍ന്നുപോകുന്ന സ്ഥിതിയുണ്ട്. ഇതിന് പരിഹാരം കാണാനായി റോഡു പരിപാലത്തിന്റെ കോണ്‍ട്രാക്ട് കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് ആര് പരിപാലനം നടത്തണമെന്ന് തീരുമാനിക്കാനുള്ള ഒരു സംവിധാനം കൊണ്ടു വന്നിട്ടുണ്ട്.
ഇതാണ് റണ്ണിഗ് കോണ്‍ട്രാക്ട്. ഈ സംവിധാനം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ 20,000 ത്തോളം പിഡബ്ലിയുഡി റോഡുകളില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് നിലവിലുണ്ട്. പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ പരിശോധിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാനായി പൊതുമരാമത്ത് വകുപ്പ് ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
