60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് നികുതി ഇല്ല; ഇളവ് ഒരു വീടിന് മാത്രം 

60 ചതുരശ്ര മീറ്റര്‍ വരെയുള്ള (650 ചതുരശ്ര അടി ) വീടുകള്‍ക്ക് നികുതി ഒഴിവാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 60 ചതുരശ്ര മീറ്റര്‍ വരെയുള്ള (650 ചതുരശ്ര അടി ) വീടുകള്‍ക്ക് നികുതി ഒഴിവാക്കി. നേരത്തേ ബിപിഎല്‍ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് മാത്രമായിരുന്നു ഇളവ്. ഒരാള്‍ക്ക് ഒരു വീടിനേ  ഇളവുണ്ടാകൂ. ലൈഫ്, പുനര്‍ഗേഹം  പദ്ധതികള്‍ക്കു കീഴിലുള്ള ബഹുനില കെട്ടിടങ്ങള്‍ക്കും ഇളവ് ലഭിക്കും. ഫ്‌ളാറ്റ്,  വില്ലകള്‍ക്ക് ഇളവുണ്ടാകില്ല. 9എച്ച് ഫോമില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിട നികുതി അഞ്ചുശതമാനം വര്‍ധിപ്പിക്കുമ്പോള്‍ നികുതി ചോര്‍ച്ച തടയുന്നതിനും കെട്ടിടത്തിന് വരുത്തിയ മാറ്റങ്ങള്‍ കണ്ടെത്തുന്നതിനും വിപുലമായ പരിശോധനയ്ക്ക് ഉത്തരവിറങ്ങി. നികുതി നിര്‍ണയിച്ചശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗരീതിയിലോ മാറ്റം വരുത്തിയാല്‍ ഒരുമാസത്തിനുള്ളില്‍ തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം. ഇല്ലെങ്കില്‍ 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയില്‍ കൂടുതലുള്ള തുക പിഴയായി ചുമത്തും. അനധികൃത നിര്‍മാണത്തിന് മൂന്നിരട്ടി നികുതി ചുമത്തും. 1500 ചതുരശ്ര അടിവരെയുള്ള വീടുകളെ ഇതില്‍നിന്ന് ഒഴിവാക്കി. കൂട്ടിച്ചേര്‍ത്തഭാഗം ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ചുതിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കില്‍ നികുതിയില്ല. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേല്‍ക്കൂരയ്ക്കും ഇളവുണ്ട്.

മെയ് 15നു മുമ്പ്  സ്വമേധയാ അറിയിച്ചാല്‍ പിഴ ഒഴിവാക്കും. പരിശോധന ജൂണ്‍ 30നകം പൂര്‍ത്തിയാക്കും. പരിശോധന കഴിഞ്ഞ് 30 ദിവസത്തിനകം ഉടമയ്ക്ക് നോട്ടീസ് നല്‍കും. ആക്ഷേപമുണ്ടെങ്കില്‍ 15 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കാം. ഇത് അതത് തദ്ദേശസ്ഥാപനത്തിലെ സമിതി  പരിശോധിച്ച് 30 ദിവസത്തിനകം തീര്‍പ്പാക്കണം. കെട്ടിടം വിറ്റാല്‍ 15 ദിവസത്തിനകം അറിയിക്കണം. വീഴ്ച വരുത്തിയാല്‍ 500 രൂപ പിഴയുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com