ആ ചിരി മാഞ്ഞു; നടന്‍ ഇന്നസെന്റ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രഥമ പ്രസിഡന്റ് ഇന്നസെന്റായിരുന്നു.  2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.  

നിര്‍മ്മാതാവ് എന്ന നിലയിലായിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശം. പിന്നീട് ചെറുതും വലുതമായ വേഷങ്ങളിലൂടെ ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ ശ്രദ്ധേയനാക്കി. 

ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിങ്, കാബൂളിബാല, ഹിറ്റ്‌ലര്‍, വിയ്റ്റ്‌നാം കോളനി, അനശ്വരം, കനല്‍ക്കാറ്റ്, ആദ്വൈതം, ആമിന ടെയ് ലേഴ്‌സ്, ഗോഡ്ഫാദര്‍, കടിഞ്ഞൂല്‍ കല്യാണം, കേളി, കിലുക്കം, മിമിക്‌സ് പരേഡ്, കോട്ടയം കുഞ്ഞച്ചന്‍. നമ്പര്‍ 20 മദ്രാസ് മെയില്‍, ചെറിയ ലോകവും വലിയ മനുഷ്യരും, കൗതുക വാര്‍ത്തകള്‍, ഒറ്റയാള്‍പട്ടാളം, സസ്‌നേഹം,ശുഭയാത്ര, തലയണ മന്ത്രം, മനസ്സിനക്കരെ, അമ്മക്കിളിക്കൂട്, പട്ടാളം, ബാലേട്ടന്‍ വെള്ളിത്തിര, ക്രോണിക്ക് ബാച്ചലര്‍ തുടങ്ങി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു

മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com