'കേരളം ഒരു ചില്ലു കൂടാരം, പുറത്തുനിന്ന് കാണുന്ന തിളക്കമേയുള്ളൂ, അകത്തൊന്നുമില്ല'; ഇ ശ്രീധരന്‍

കേരളത്തെ ഒരു കമ്യൂണിസ്റ്റ് സംസ്ഥാനമാക്കണം എന്ന ചിന്ത മാത്രമാണ് പിണറായി സര്‍ക്കാരിനുള്ളതെന്നാണ് ശ്രീധരന്‍ പറയുന്നത്
ഇ ശ്രീധരൻ/ എക്സ്പ്രസ് ചിത്രം
ഇ ശ്രീധരൻ/ എക്സ്പ്രസ് ചിത്രം

കൊച്ചി; കേരളം ഒരു ചില്ലുകൊട്ടാരണമാണെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. കേരളത്തെ പുറത്തുനിന്ന് നോക്കുമ്പോള്‍ മനോഹരവും തിളക്കമുള്ളതുമാണെന്നും അകത്ത് ഒന്നുമില്ലെന്നുമാണ് ശ്രീധരന്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പണത്തിന്റെ ബലത്തിലാണ് സംസ്ഥാനം നിലനില്‍ക്കുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ ശ്രീധരന്‍ പറഞ്ഞു. 

സാമൂഹിക സൂചികകളുടെ അടിസ്ഥാനത്തില്‍ കേരളം വളരെ പുരോഗമിച്ച സംസ്ഥാനമാണെന്ന തോന്നല്‍. പശ്ചിമേഷ്യയില്‍ നിന്ന് ഒഴുകുന്ന പണം കൊണ്ട് മാത്രമാണ് കേരളം മുന്നേറുന്നത്. ആളുകള്‍ വിദേശ രാജ്യങ്ങളില്‍ കഠിനാധ്വാനം ചെയ്യുകയും പ്രതിവര്‍ഷം 80,000 കോടി രൂപ അയയ്ക്കുകയും ചെയ്യുന്നു. അല്ലാതെ കേരളത്തിന് അഭിമാനിക്കാന്‍ ഒന്നുമില്ല. എല്ലാ ഭക്ഷ്യവസ്തുക്കളും നമ്മള്‍ ഇറക്കുമതി ചെയ്യുന്നു. കേരളം ഒരു ഗ്ലാസ് ഹൗസാണ്. ഇത് പുറത്ത് നിന്ന് നോക്കുമ്പോള്‍ വളരെ മനോഹരവും തിളക്കവുമാണ്. ഉള്ളില്‍ നമുക്ക് ഒന്നുമില്ല.- ശ്രീധരന്‍ പറഞ്ഞു. 

കേരളത്തെ ഒരു കമ്യൂണിസ്റ്റ് സംസ്ഥാനമാക്കണം എന്ന ചിന്ത മാത്രമാണ് പിണറായി സര്‍ക്കാരിനുള്ളതെന്നാണ് ശ്രീധരന്‍ പറയുന്നത്. അല്ലെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ അവര്‍ ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്ത ഒരു മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് കാണിച്ചുതരാനും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി മികച്ച പ്രൊജക്റ്റുകള്‍ അവര്‍ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനുമായി നല്ല ബന്ധമായിരുന്നെന്നും പിന്നീട് സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ആഗ്രഹിച്ചാല്‍ തനിക്ക് ഏതു സമയത്തും തനിക്ക് നിയമനം ലഭിക്കുന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്. പിണറായിക്ക് തന്നോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പിണറായി തന്നെ വിളിക്കുകയാണെങ്കില്‍ സംസ്ഥാനത്തിനു നല്ലതിനായി കൂടെ നില്‍ക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. നിലമ്പൂര്‍നഞ്ചന്‍കോട് റെയില്‍പാത, തിരുവനന്തപുരം, കോഴിക്കോട് മെട്രോകള്‍ തുടങ്ങി ഒന്നുരണ്ട് പദ്ധതികള്‍ വേണ്ടെന്നുവച്ചതോടെയാണ് ഞാന്‍ പിണറായി വിജയനുമായി അകലുന്നത്. എന്നാല്‍ പാലാരിവട്ടം പാലത്തിന് അദ്ദേഹം സന്ദേശം അയച്ചു. ഒരു പൈസ പോലും വാങ്ങാതെ ഞാന്‍ പോയി അത് ചെയ്തു തീര്‍ത്തു. ശ്രീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയായിക്കഴിഞ്ഞാല്‍ രാഷ്ട്രതന്ത്രജ്ഞനാവുകയാണ് വേണ്ടത്. അല്ലാതെ പാര്‍ട്ടിക്കാരനാവരുത്. അധികാരമേറ്റാല്‍ ജനങ്ങള്‍ രാഷ്ട്രീയക്കാരാകുന്നത് അവസാനിപ്പിക്കണം. പാര്‍ട്ടിക്ക് എന്താണ് നല്ലത് എന്നല്ല, സംസ്ഥാനത്തിന് എന്താണ് നല്ലത് എന്നാണ് അവര്‍ ചിന്തിക്കേണ്ടത്. സി അച്യുതമേനോന്‍, ഇ കെ നായനാര്‍ തുടങ്ങിയ മികച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ നമുക്കുണ്ടായിരുന്നു.- ശ്രീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാറ്റ്ലൈറ്റിലൂടെ ഇന്റർനെറ്റ്; 36 ഉപ​ഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ എല്‍വിഎം 3 കുതിച്ചുയർന്നു (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com