കടം വാങ്ങിയ സ്‌കൂള്‍ ഫീസ് തിരികെ കൊടുത്തില്ല;  കൊലപാതകത്തില്‍ കലാശിച്ചത് സാമ്പത്തിക തര്‍ക്കം; ബിജേഷ് ആറ് ദിവസം പൊലീസ് കസ്റ്റഡിയില്‍

അനുമോളുടെ സ്‌കൂളിലെ കുട്ടികളുടെ ഫീസ് ബിജേഷ് തിരിച്ചുകൊടുക്കാതിരുന്നത് തര്‍ക്കത്തിനിടയാക്കി
ബിജേഷ്, അനുമോൾ
ബിജേഷ്, അനുമോൾ

കട്ടപ്പന: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കാഞ്ചിയാറിലെ അനുമോളെ, ഭര്‍ത്താവ് ബിജേഷ് കൊലപ്പെടുത്താന്‍ കാരണമായതെന്ന് പൊലീസ്. അനുമോളുടെ സ്‌കൂളിലെ കുട്ടികളുടെ ഫീസ് ബിജേഷ് തിരിച്ചുകൊടുക്കാതിരുന്നത് തര്‍ക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് അനുമോള്‍ വനിതാ സെല്ലില്‍ പരാതി നല്‍കിയും വൈരാഗ്യം വര്‍ധിക്കാന്‍ കാരണമായെന്നും പൊലീസ് പറയുന്നു. തുടര്‍ന്നാണ് അനുമോളെ കൊലപ്പെടുത്താന്‍ ബിജേഷ് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതി ബിജേഷിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി ബിജേഷ് പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. 

തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്നു കാണിച്ച് മരണത്തിന് ഒന്നരയാഴ്ച മുമ്പാണ് അനുമോള്‍ വനിതാ സെല്ലില്‍ പരാതി നല്‍കുന്നത്. കാഞ്ചിയാര്‍ പള്ളിക്കവല നഴ്സറി സ്‌കൂള്‍ അധ്യാപികയാണ് അനുമോള്‍ എന്ന പി ജെ വത്സമ്മ. പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍-ഫിലോമിന ദമ്പതികളുടെ മകളാണ്.

മാര്‍ച്ച് 18 മുതല്‍ അനുമോളെ കാണാതായെന്ന് കാണിച്ച് ബിജേഷ് 19 ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന നടത്തിയ തിരച്ചിലില്‍ 21 ന് വൈകീട്ട് ആറരയോടെ പേഴുംകണ്ടത്തെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിന് അടിയില്‍ നിന്നും അനുമോളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അനുമോള്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന മാര്‍ച്ച് 17 ന് ശേഷവും ബിജേഷ് വീട്ടിലുണ്ടായിരുന്നു. 19 ന് വീട്ടിലെത്തിയ അനുമോളുടെ ബന്ധുക്കളെ ഇയാള്‍ വീട്ടില്‍ കയറ്റാതെ തന്ത്രപൂര്‍വം തിരിച്ചയച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ അന്നുമുതലാണ് ബിജേഷിനെ കാണാതാകുന്നത്. അഞ്ചുവയസ്സുള്ള ഇവരുടെ കുട്ടിയെ തറവാട്ടുവീട്ടില്‍ കൊണ്ടു ചെന്നാക്കിയിട്ടാണ് പ്രതി മുങ്ങിയത്.

അനുമോള്‍ ആരുടെയോ കൂടെ പോയെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. തലയ്ക്കേറ്റ ക്ഷതമാണ് അനുമോളുടെ മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന ബിജേഷ് ഞായറാഴ്ച രാവിലെ ബസില്‍ കുമളിയില്‍ തിരിച്ചെത്തി. വിവരം അറിഞ്ഞ പൊലീസ് രോസാപ്പൂങ്കണ്ടം ഭാഗത്തു നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ ഫോണ്‍ കുമളിക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു. പ്രതി ഫോണ്‍ ഉപേക്ഷിച്ചതും പൊലീസ് അന്വേഷണം ദുഷ്‌കരമാക്കി. വെള്ളിയാഴ്ച ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനുമോളുടെ കട്ടിലില്‍ നിന്നും രക്തസാമ്പിളുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com