പിടിച്ചെടുത്ത മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തു, കേസ് ഒതുക്കി; മൂന്ന് പേർക്ക് സസ്പെൻഷൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2023 06:54 AM  |  

Last Updated: 29th March 2023 06:54 AM  |   A+A-   |  

Liquor_760x400

പ്രതീകാത്മക ചിത്രം

 

തൃശൂർ: വിൽപനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥർ മദ്യം പങ്കിട്ടെടുത്ത് കേസ് ഒതുക്കി തീർത്തു. മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. മഹസർ എഴുതിയ ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർക്കുകയായിരുന്നു. സംഭവത്തിൽ ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്ന് പേരെ നിർബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു. 

ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസർമാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവർക്കാണ് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫിസർമാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എൻ കെ സിജ എന്നിവരെ എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനയച്ചു. 

ഈ മാസം 12-ാം തിയതി മൂന്ന് കുപ്പി മദ്യവുമായി പോവുകയായിരുന്ന രഞ്ജിത്തിനെയാണ് എക്സൈസ് പിടികൂടിയത്. ശർമിള എന്ന സ്ത്രീക്കു വിൽക്കാനുള്ളതാണ് മദ്യം എന്ന സൂചനയെത്തുടർന്നാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് 12 കുപ്പി ബിയർ കണ്ടെത്തി. എല്ലാ മദ്യവും രഞ്ജിത്തിന്റെ പക്കൽ നിന്നു പിടിച്ചെന്ന് കാണിച്ച് രേഖയുണ്ടായക്കി ശർമിളയെയും അയൽവാസി രാജനെയും സാക്ഷികളാക്കിയാണ് മഹസർ തയാറാക്കിയത്.  പിന്നീട് ഇവരിൽ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കുകയായിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അട്ടപ്പാടി മധു വധക്കേസ്: വിധി നാളെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ