മുഖ്യമന്ത്രിക്ക് ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി, ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബെഞ്ചിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 10:52 AM  |  

Last Updated: 31st March 2023 10:52 AM  |   A+A-   |  

Pinarayi_Vijayan_1

പിണറായി വിജയന്‍/ഫയല്‍

 

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു.  ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. 

കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ ലോകായുക്തയെ സമീപിച്ചത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. 

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ നിയമമുണ്ടാക്കിയത് ഈ കേസ് പരിഗണനയിലുള്ളതുകൊണ്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലോകായുക്ത വിധി എതിരായ വന്നാലും അത് തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമം. നിയമസഭ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്; അരിക്കൊമ്പനെ പിടിക്കാത്തതിനെതിരെ രാപ്പകല്‍ സമരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ