തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ രക്തസാക്ഷി പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശം ഗാന്ധിജിയ്ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞു.
'ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശം ഗാന്ധിജിയ്ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ല. ഗാന്ധിജിയെ ആരെങ്കിലുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പൊലീസ് വെടിവെച്ചു കൊന്നതല്ല. ഗാന്ധിജിയെ വര്‍ഗീയ ഭ്രാന്തനായ ഒരു ആര്‍എസ്എസുകാരന്‍ വെടിവെച്ചു കൊന്നതാണ്. ഗോഡ്‌സെ ബിര്‍ളാ മന്ദിരത്തിലെത്തിയത് പ്രാര്‍ഥിക്കാനായിരുന്നില്ല. ഗാന്ധിജിയെ കൊല്ലാനായിരുന്നു. ഗാന്ധിജി അയാളെ ആശീര്‍വദിക്കാന്‍ വേണ്ടി കൈയുയര്‍ത്തിയപ്പോഴാണ് ആ വര്‍ഗീയ ഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ചു കൊന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷിയായി ഗാന്ധിജിയെ നമുക്ക് കണക്കാക്കാവുന്നതാണ്. അപ്പോള്‍ ബിഷപ്പിന്റെ പരാമര്‍ശം ഗാന്ധിജിയ്ക്കു ബാധകമല്ല.
ഗാന്ധിജി വഴക്കടിച്ചു കൊല്ലപ്പെട്ടയൊരാളല്ല. ആര്‍എസ്എസ് ആണ് ആ കൊലയ്ക്കു പിന്നില്‍. ആര്‍എസ്എസ് നേതാവ് സവര്‍ക്കര്‍ ഏഴാം പ്രതിയാണ്. ആര്‍എസ്എസിനെ 1948 ഫെബ്രുവരി നാലു മുതല്‍ 1949 ജൂലായ് 10 വരെ നിരോധിച്ചത് ഗാന്ധിജിയെ വെടിവെച്ചു കൊന്നതിനാലാണ്. വഴക്കടിച്ച്, എന്നിട്ട് വെടിയേറ്റ് മരിച്ചതാണെങ്കില്‍ ആര്‍എസ്എസിനെ നിരോധിക്കേണ്ട കാര്യമില്ല'എം-വി ജയരാജന്‍ പറഞ്ഞു.
'കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കാര്യമെടുത്താല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികള്‍ അമ്പുവും ചാത്തുക്കുട്ടിയുമാണ്. 1940 സെപ്റ്റംബര്‍ 15ന് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്ത് സമരം നടത്തിയ ഇവരെ തലശ്ശേരി കടപ്പുറത്തു വെച്ച് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് വെടിവെച്ചു കൊല്ലുന്നത്. അവരും പൊലീസുകാരുമായി വഴക്കടിച്ചതു കൊണ്ട് കൊല്ലപ്പെട്ടതല്ല. അപ്പോള്‍ അത് കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ല. മാത്രമല്ല, കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായി ജീവന്‍ വെടിയേണ്ടി വന്ന കേരളത്തിലെ എഴുന്നൂറിലധികം പേര്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവന്‍ ബലികഴിച്ചവരാണ്. അവനനവന്റെ സുഖത്തിനു വേണ്ടിയായിരുന്നില്ല മറിച്ച് അപരന്മാരുടെ സന്തോഷത്തിനു വേണ്ടിയായിരുന്നു അവര്‍ ജീവന്‍ ബലി നല്‍കിയത്.
അതുകൊണ്ട് മര്‍ദ്ദിതരായവര്‍ക്കു വേണ്ടി യേശുവിനെ എങ്ങനെയാണോ കുരിശിലേറ്റിയത് അത് പോലെ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കു വേണ്ടി പോരാട്ടത്തിനറങ്ങിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തൂക്കിലേറ്റപ്പെട്ട കയ്യൂരിലെ വിപ്ലവകാരികളും കൊല്ലപ്പെട്ടത് ആരെയെങ്കിലും ഉപദ്രവിച്ചതിന്റെ പേരിലല്ല. ഇവരെല്ലാം രാഷ്ട്രീയ രക്തസാക്ഷികളാണ്. രാഷ്ട്രീയമെന്നത് കക്ഷിരാഷ്ട്രീയമല്ല. മറിച്ച് സങ്കുചിത ദേശരാഷ്ട്രീയമാണ്. ഇവരെല്ലാം കൊല്ലപ്പെട്ടത് സമൂഹത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ്. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ വഴക്കടിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കി ജീവന്‍ ബലിയര്‍പ്പിച്ചു എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഗാന്ധിജിയോ കമ്മ്യൂണിസ്റ്റുകാരോ ഇല്ല. ബിഷപ്പ് ഉദ്ദേശിച്ചത് ആര്‍എസ്എസുകാരെയോ ബിജെപിക്കാരെയോ ആയിരിക്കും. കാരണം ഇവരാണ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ഇവരാണ് വഴക്കടിക്കുന്നതും മറ്റുള്ളവരുടെ ന്യൂനപക്ഷ വിശ്വാസങ്ങളെ ഹനിക്കാന്‍ തോക്കെടുക്കുന്നതും. പശുക്കളെ സംരക്ഷിക്കാനും ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളെ കൊല്ലാനും ആയുധമെടുക്കണമെന്നാണ് ബിജെപിയുടെ ഒരു എംഎല്‍എ പരസ്യമായി പറഞ്ഞത്. വഴക്കാളികള്‍ ബിജെപിക്കാരാണെന്ന് സമകാലീന സാമൂഹിക സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.' എംവി ജയരാജന്‍ അഭിപ്രായപ്പെട്ടു.
'കേരളത്തില്‍ വൈദികന്മാരടക്കമുള്ളവര്‍ക്ക് പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കാന്‍ കഴിയുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കാം, പ്രശ്‌നങ്ങളില്‍ തങ്ങളുടെ നിലപാട് തുറന്നു പറയാം, ഇതൊക്കെ കേരളത്തില്‍ സാധിക്കുന്നുണ്ട്. എന്നാല്‍ മണിപ്പുരില്‍ അത് സാധിക്കുന്നില്ല. അവിടെ അത് അനുവദിക്കാത്തതു കൊണ്ടാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട നിരവധിയാളുകളെ കൊലപ്പെടുത്തിയത്. കേരളത്തില്‍ പല ക്രിസ്തീയ സഭകളുടെ മുഖപത്രങ്ങളും മണിപ്പുരിലെ കലാപത്തിനു പിന്നില്‍ ബിജെപിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് വഴക്കാളികളായ ആളുകള്‍ ബിഷപ്പ് വ്യക്തമാക്കിയതു പോലെ ബിജെപിയും ആര്‍എസ്എസുമാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയ്ക്ക് ആവശ്യമായ കൃത്യമായ ചികിത്സയും പരിചരണവും നല്‍കാത്തതിനാലാണ് അദ്ദേഹം ജയിലില്‍ വെച്ച് കൊല്ലപ്പെട്ടത്. അതാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ അവസ്ഥ. ഒഡിഷയില്‍ നിന്ന് ഫാദര്‍ ഗ്രഹാം സ്‌റ്റെയിന്‍സിനേയും രണ്ടു കുട്ടികളേയും ചുട്ടുകരിച്ചു കൊന്നത് യഥാര്‍ഥത്തില്‍ ബജ്രറംഗ് ദള്‍ പ്രവര്‍ത്തകരാണ്. ക്രിസ്ത്യന്‍ വിഭാഗത്തിനു നേരെ സമീപകാലത്ത് ഉണ്ടായ അക്രമങ്ങള്‍ കണക്കിലെടുത്താല്‍ വഴക്കാളികള്‍ ബിജെപിക്കാരാണെന്ന് ബിഷപ്പിനു മനസ്സിലാകും. അതു കൊണ്ടു കൂടിയാകാം ഇത്തരത്തിലൊരും പരാമര്‍ശം അദ്ദേഹം നടത്തിയിട്ടുണ്ടാകുക'. എംവി ജയരാജന്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates