15 വർഷങ്ങൾക്കിപ്പുറം കൊച്ചിയിൽ വീണ്ടുമൊരു ജൂതക്കല്യാണം, റേച്ചലിനെ ജീവിതസഖിയാക്കി റിച്ചാർഡ്; വിഡിയോ 

ഒരു മണിക്കൂറോളം നീണ്ടുനിന്ന വിവാഹചടങ്ങിൽ അമേരിക്കയിൽ നിന്നടക്കം അതിഥികൾ പങ്കെടുത്തു. വിവാഹത്തിന് കാർമികത്വം വഹിക്കാനുള്ള റബായി ആരിയൽ സിയോൺ ഇസ്രയേലിൽ നിന്നാണ് എത്തിയത്
റേച്ചൽ മലാഖൈയും റിച്ചാർഡ് സാക്കറി റോവും/ ചിത്രം: സനേഷ് എ
റേച്ചൽ മലാഖൈയും റിച്ചാർഡ് സാക്കറി റോവും/ ചിത്രം: സനേഷ് എ

കൊച്ചി: 15 വർഷങ്ങൾക്കിപ്പുറം കൊച്ചി വീണ്ടുമൊരു ജൂതക്കല്യാണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് മുൻ എസ് പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകളായ റേച്ചൽ മലാഖൈയും അമേരിക്കക്കാരനായ റിച്ചാർഡ് സാക്കറി റോവുമാണ് പരമ്പരാഗത ജൂത ആചാരപ്രകാരം വിവാഹിതരായത്. 

മാതാപിതാക്കളുടെ കൈപിടിച്ചാണ് വധുവും വരനും പൂക്കൾ കൊണ്ട് അലങ്കരിച്ച വേദിയിലേക്കെത്തിയത്. റബായിയുടെ (പുരോഹിതൻ) സാന്നിധ്യത്തിൽ ഇരുവരും കെത്തുബ (വിവാഹ ഉടമ്പടി) വായിച്ചു കേട്ടു. പരസ്പരം സ്നേഹിച്ച് ജീവിതാവസാനം വരെ സന്തതികൾക്കൊപ്പം ഈ ഭൂമിയിൽ വസിച്ചുകൊള്ളാമെന്ന് ഹൃദയത്തിൽ തൊട്ട് ഇരുവരും പ്രതിജ്ഞ ചെയ്തു. മുന്തിരിവീഞ്ഞ് നിറച്ച സ്വർണക്കാസയിൽ സൂക്ഷിച്ച മോതിരം പരസ്പരം അണിയിച്ചു. 

ഒരു മണിക്കൂറോളം നീണ്ടുനിന്ന വിവാഹചടങ്ങിൽ അമേരിക്കയിൽ നിന്നടക്കം അതിഥികൾ പങ്കെടുത്തു. വിവാഹത്തിന് കാർമികത്വം വഹിക്കാനുള്ള റബായി ആരിയൽ സിയോൺ ഇസ്രയേലിൽ നിന്നാണ് എത്തിയത്. ജൂത വിവാഹമായിരുന്നെങ്കിലും ഇന്ത്യൻ വേഷത്തിലാണ് റേച്ചലും റിച്ചാർഡും അതിഥികളുമെല്ലാം ചടങ്ങുകളിൽ പങ്കെടുത്തത്. കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ ജൂത വിവാഹമാണിത്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം സംരക്ഷിത പൈതൃക മേഖലകളായതിനാലും ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ് ട്രെൻ‍ഡ് നിലനിൽക്കുന്നതിനാലും എറണാകുളത്തെ റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങുകളും മറ്റ് ആഘോഷങ്ങളും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com