

കോഴിക്കോട്: ഹോട്ടലുടമയായ തിരൂര്‍ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ജംഷേദ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈയിലെ എഗ്‌മോര്‍ സ്റ്റേഷനില്‍ വച്ച് ആര്‍പിഎഫ് സംഘം കസ്റ്റഡിയിലെടുത്തത്. ഷിബിലും ഫര്‍ഹാനയും എഗ്‌മോറില്‍നിന്ന് ജംഷേദ്പുര്‍ ടാറ്റാ നഗറിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഈ ട്രെയിനിനായി വെയിറ്റിങ് റൂമില്‍ കാത്തിരിക്കുകയായിരുന്ന ഇരുവരെയും ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഹോട്ടലുടമയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഷിബിലിനും ഫര്‍ഹാനയ്ക്കും ഇതില്‍ പങ്കുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ ഇരുവരും ചെന്നൈയിലേക്ക് കടന്നതായി കണ്ടെത്തി. ഇതിനിടെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലോക്കേഷനും പൊലീസ് പരിശോധിച്ചിരുന്നു. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് ഇതുസംബന്ധിച്ച് വിവരം തിരൂര്‍ പൊലീസ് ചെന്നൈ എഗ്മോറിലെ ആര്‍പിഎഫിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാത്രി ഏഴുമണിയോടെ ഇരുവരെയും പിടികൂടിയത്. ഇന്നുരാവിലെ രണ്ടുപ്രതികളെയും ആര്‍പിഎഫ് തിരൂര്‍ പോലീസിന് കൈമാറി. ഇരുവരെയും വൈകീട്ട് തീരുരിലെത്തിക്കും.
അതിനിടെ, അട്ടപ്പാടി ചുരത്തില്‍ ട്രോളി ബാഗുകളിലാക്കിയനിലയില്‍ കണ്ടെത്തിയ സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പ്രതി ആഷിഖുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വെട്ടിനുറുക്കിയ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അഞ്ച് മണിയോടെ ആരംഭിക്കും. പോസ്റ്റ്മോര്‍ട്ടത്തിന് പുറമേ രാസപരിശോധനയും നടത്തുമെന്നാണ് പോലീസ് നല്‍കുന്നവിവരം. കൊല്ലപ്പെട്ട സിദ്ദിഖിന്റെ ശരീരത്തില്‍ ഏതെങ്കിലുംതരത്തിലുള്ള വിഷാംശമുണ്ടോ എന്നതടക്കം കണ്ടെത്താനാണ് രാസപരിശോധനയും നടത്തുന്നത്.
സിദ്ദിഖ് കൊലക്കേസില്‍ വല്ലപ്പുഴ സ്വദേശി ഷിബില്‍, ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖ് എന്നിവരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.
ഒരാഴ്ച മുന്‍പാണ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിനെ സിദ്ദിഖ് ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. ഇയാളുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് മറ്റുജീവനക്കാര്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ഇയാളെ പറഞ്ഞുവിടാന്‍ സിദ്ദിഖ് തീരുമാനിച്ചത്. ഷിബിലിന് ശമ്പളമെല്ലാം കൊടുത്തുതീര്‍ത്തിരുന്നതായും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.മേയ് 18-ന് സ്വന്തം കാറിലാണ് സിദ്ദിഖ് ഹോട്ടലില്‍നിന്ന് പോയതെന്നും ജീവനക്കാര്‍ പറയുന്നു. നാലരയോടെ ഫോണില്‍വിളിച്ചപ്പോള്‍ തിരികെവരാന്‍ വൈകുമെന്നും രാത്രി ഒമ്പതുമണിയാകുമെന്നും പറഞ്ഞു. എന്നാല്‍ രാത്രി ഒമ്പത് മണിക്ക് വീണ്ടും ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates