

പ്രതിസന്ധികളോടു പൊരുതി സിവില്‍ സര്‍വീസ് വിജയം നേടിയ ഷെറിന്‍ ഷഹാനയ്ക്കുള്ള കൈയടികള്‍ നിലയ്ക്കുന്നേയില്ല. വീടിനു മുകളില്‍നിന്നു വീണ് കഴുത്തിനു താഴേക്കു ചലന ശേഷി നഷ്ടപ്പെട്ട ഷഹാന, വിധിയോടു പോരടിച്ചാണ് വിജയം നേടിയത്. ഈ വിജയത്തിലേക്കുള്ള യാത്രയില്‍ ഷഹാനയ്ക്കു താങ്ങും തണലുമായി നിന്നവരില്‍ മുന്നിലുണ്ടാരുന്നു മുരളി തുമ്മാരുകുടി. ഷഹാനയുടെ ഈ പോരാട്ടത്തിന്റെ ചിത്രം വരച്ചുവയ്ക്കുകയാണ്, ഈ ചെറു കുറിപ്പില്‍ മുരളി തുമ്മാരുകുടി.
ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:
വയനാട്ടില്‍ നിന്നുള്ള ഷെറിന്‍ ഷഹാനക്ക് ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് ലിസ്റ്റില്‍ സ്ഥാനം ലഭിച്ച കാര്യം ഇപ്പോള്‍ വായനക്കാര്‍ ഒക്കെ അറിഞ്ഞു കാണുമല്ലോ. ഇതില്‍ ഏറെ സന്തോഷിക്കുന്ന ഒരാളെന്ന നിലയില്‍ അന്ന് തന്നെ എഴുതേണ്ടതായിരുന്നു. പക്ഷെ യാത്രയില്‍ ആയിരുന്നത് കൊണ്ട് അത് സാധിച്ചില്ല. ക്ഷമിക്കുമല്ലോ.
അഭിനന്ദനങ്ങള്‍ ഷെറിന്‍
എന്റെ വായനക്കാര്‍ക്ക് എല്ലാം ഷെറിനെ അറിയാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഏറെയായി ഷെറിന്റെ യാത്രയില്‍ നിങ്ങള്‍ ഒക്കെ കൂടെയുണ്ട്. അവര്‍ക്കെല്ലാം എന്റെ നന്ദിയും ഉണ്ട്.
പി ജി പഠനത്തിനിടക്ക് വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് വീണ് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപെട്ട സമയത്താണ് ആദ്യമായി ഞാന്‍ ഷെറിനെ പറ്റി അറിയുന്നത്. സഹോദരി വഴി. പഠനം തുടരാന്‍ ഷെറിന് ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ വേണം എന്ന ഒരു ചെറിയ ആവശ്യം ഞാന്‍ വായനക്കാരുടെ മുന്നില്‍ വച്ചു. രണ്ടു ദിവസത്തിനകം അതിനാവശ്യമായ പണം വായനക്കാര്‍ അറിഞ്ഞു നല്‍കി.
അതൊരു തുടക്കമായിരുന്നു. പിന്നീട് നാട്ടില്‍ എത്തിയപ്പോള്‍ വയനാട്ടില്‍ പോയി ഷെറിനെ കണ്ടു. തീരെ കിടപ്പാണ്.
പി ജി പഠനത്തിന് അപ്പുറം ഉന്നത വിദ്യാഭ്യാസം നേടണമെന്നും അങ്ങനെ ഒരു കരിയര്‍ ഉണ്ടാകുമെന്നും ഷെറിന്‍ കാണിക്കുന്ന ആത്മവിശ്വാസം പിന്നീട് വരുന്ന അനവധി ആളുകള്‍ക്ക് മാതൃകയാകുമെന്നും ഒക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
ഷെറിനെപ്പോലെ മാനസികവും ശാരീരികവും ഒക്കെയായി തളര്‍ന്നിരിക്കുന്നവരോട് ഉപദേശിക്കാനും മോട്ടിവേറ്റ് ചെയ്യാനും ഒക്കെ എളുപ്പമാണ്. പക്ഷെ അതിന്റെയൊക്കെ പത്തിലൊന്ന് വെല്ലുവിളികള്‍ നേരിട്ടാല്‍ ഞാന്‍ ഉള്‍പ്പടെയുള്ള മോട്ടിവേറ്റേഴ്‌സ് ഒക്കെ തളര്‍ന്നു പോകുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇതാണ് ഷെറിനെ വ്യത്യസ്തയാക്കിയത്. തനിക്ക് ഉള്ള പരിമിതികളെ അംഗീകരിച്ചും എന്നാല്‍ അതുകൊണ്ട് തന്റെ ലക്ഷ്യങ്ങളില്‍ നിന്നും പിന്മാറാതെയും ഷെറിന്‍ ഉന്നതവിദ്യാഭ്യാസത്തിനും കരിയറിനും ഉള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചു.
പിന്നീട് എപ്പോഴൊക്കെ നാട്ടില്‍ പോകുമ്പോഴും ഷെറിനെ കാണാന്‍ ശ്രമിച്ചു. ചിലപ്പോള്‍ വയനാട്ടില്‍ എത്തി, ചിലപ്പോള്‍ ഷെറിന്‍ എറണാകുളത്ത് വന്നു. ഓരോ തവണ നാട്ടിലേക്ക് പോകുമ്പോഴും ഒരു ബോക്‌സ് ചോക്കലേറ്റ് ഷെറിനും വാങ്ങി.
ഷെറിനെ സ്ഥിരമായി വിളിക്കുക, ഷെറിനില്‍ നിന്നും ഞാനും സമൂഹവും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രോത്സാഹിപ്പിക്കുക, ഷെറിന്റെ വിജയങ്ങളില്‍ കൂടെ നിന്ന് സന്തോഷിക്കുക, എന്തെങ്കിലും ഒക്കെ ബുദ്ധിമുട്ടുണ്ടെങ്കില്‍ അപ്പോള്‍ ഒക്കെ ചേര്‍ന്ന് നില്‍ക്കുക, ഇതൊക്കെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ചെയ്തുകൊണ്ടിരുന്നത്.
ഇത്രയൊക്കെ ആണെങ്കില്‍ പോലും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ ഷെറിന് മടിയാണ്. കോവിഡ് വന്നപ്പോള്‍ ഉള്‍പ്പടെ പലപ്പോഴും അങ്ങോട്ട് വിളിക്കുമ്പോള്‍ ആണ് കാര്യങ്ങള്‍ അറിയുന്നത്. പലപ്പോഴും നമുക്ക് വളരെ എളുപ്പത്തില്‍ ചെയ്തു കൊടുക്കാന്‍ പറ്റുന്ന കാര്യത്തിനായിരിക്കും ഷെറിന്‍ ഏറെ ബുദ്ധിമുട്ടുന്നത്. ഷെറിന് എന്തെങ്കിലും ഒരു ആവശ്യം ഉണ്ടായാല്‍ ഉടന്‍ സഹായിക്കാനായി ഞാന്‍ എന്റെ സൗഹൃദ വലയത്തില്‍ ഉള്ള ആരെയെങ്കിലും വിളിക്കും. നല്ല സൗഹൃദങ്ങള്‍ വലിയൊരു പ്രിവിലേജ് ആണ്. ഒറ്റ വാട്ട്‌സ്ആപ്പ് മെസ്സേജില്‍ കാര്യം നടക്കും.
പതുക്കെ പതുക്കെ ഷെറിന്‍ ആത്മവിശ്വാസം വീണ്ടെടുത്തു. യു ജി സി പരീക്ഷ എഴുതി, പി എച്ച് ഡി ക്ക് അഡ്മിഷന്‍ വാങ്ങി.
സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി, ഇന്റര്‍വ്യൂവിന് ഡല്‍ഹിയില്‍ പോയി, ഇപ്പോള്‍ ഇതാ വിജയിച്ചു വന്നിരിക്കുന്നു.
ഇതിനെയാണ് കളക്ടര്‍ ബ്രോ 'പ്രോജക്ട് ഷെറിന്‍' എന്ന് പറഞ്ഞത്.
എത്രയോ ആളുകള്‍ ആണ് ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് ഷെറിനെ ചേര്‍ത്ത് നിര്‍ത്തിയത്. പേരുകള്‍ പറയാന്‍ എനിക്ക് മടിയാണ്, കാരണം ഏപ്പോഴും ആരെയെങ്കിലും ഒക്കെ വിട്ടുപോകും. അവര്‍ക്ക് വിഷമമാകും. പിന്തുണച്ചവര്‍ക്കൊക്കെ അറിയാം, അവരാരും മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി സഹായിച്ചതുമല്ല. നന്ദിപോലും അവര്‍ പ്രതീക്ഷിക്കുന്നുമില്ല, പക്ഷെ അവര്‍ക്കെല്ലാവര്‍ക്കും ഏറെ നന്ദി.
ഷെറിന്റെ വിജയം ഷെറിന്റെ ആത്മവിശ്വാസത്തിന്റെ, കഠിനാധ്വാനത്തിന്റെ, സ്ഥിരോത്സാഹത്തിന്റെ വിജയമാണ്. അഭിനന്ദനങ്ങള്‍ ഷെറിന്‍. അറിഞ്ഞും അറിയാതെയും ഷെറിന്‍ ഒരു മാതൃകയിരിക്കുന്നു. ഒരു സംഭവവും !
ഷെറിനോടൊപ്പം എന്നും കൂടെ നിന്ന അമ്മയുടെ, സഹോദരിയുടെ, അടുത്ത ബന്ധുക്കളുടെ ഒക്കെ കണ്ണുനീരും പിന്തുണയും അതിന് പിന്നില്‍ ഉണ്ട്. ഷെറിന്റെ വെല്ലുവിളികള്‍ ഇതോടെ അവസാനിക്കുന്നില്ല. അവരുടെ ഒക്കെ ഉത്തരവാദിത്തം എല്ലാക്കാലത്തേക്കും ആണ്. എന്നാലും ഇത്തരം വിജയങ്ങള്‍ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും ഒരു അര്‍ഥം നല്‍കുന്നു.
ഷെറിനെ പോലെ ഉള്ളവര്‍ ഏറെ ഉണ്ട്. കഴിവുണ്ട്, പക്ഷെ മുന്നോട്ട് വരാനുള്ള സാഹചര്യമോ പിന്തുണയോ ഇല്ല. ഇവരില്‍ പരമാവധി പേരെ കണ്ടെത്തുകയും പിന്തുണ നല്‍കുകയും ചെയ്യുകയാണ് നമുക്കെല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യം. ഒരു നൂറ് വിജയങ്ങള്‍ക്ക് ഇത് അടിസ്ഥാനമാകട്ടെ.
ഷെറിന്‍ ഇനിയും വിജയത്തിന്റെ പടവുകള്‍ കയറട്ടെ. അത് നമുക്ക് സന്തോഷത്തോടെ, അഭിമാനത്തോടെ, വാത്സല്യത്തോടെ, നോക്കി നില്‍ക്കാമല്ലോ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates