കോട്ടയം: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസിന് നേരെ നടപടി തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ്. റോബിന്‍ ബസിന് ഇന്നും പിഴയിട്ടു. 7500 രൂപയാണ് പിഴയിട്ടത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. കോട്ടയം-ഇടുക്കി അതിര്‍ത്തിയായ കരിങ്കുന്നത്തു വെച്ചാണ് ബസ് തടഞ്ഞത്.
സംസ്ഥാനത്ത് ഇന്നലെ അഞ്ചു തവണയാണ് മോട്ടോര്‍ വാഹനവകുപ്പ് റോബിന്‍ ബസിനെ തടഞ്ഞത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 37,500 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. നിയമലംഘനത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. ചാവടി ചെക് പോസ്റ്റില്‍ തടഞ്ഞ ബസിന് 70, 410 രൂപ പിഴ അടക്കേണ്ടി വന്നു.
ബസ് തടഞ്ഞതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. ബസിന് ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ സ്വീകരണവും നല്‍കിയിരുന്നു.
യാത്രക്കാരുടെ ലിസ്റ്റിന്റെ മൂന്ന് കോപ്പി വേണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞതായി ബസ് ജീവനക്കാര്‍ പറയുന്നു. ഓരോ ന്യായങ്ങള്‍ കണ്ടെത്തുകയാണ്. ഗുണ്ടകളെ പോലെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ബസ് യാത്ര വൈകിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അത്തരത്തില്‍ വൈകിപ്പിച്ച് ബസില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ബസ് സര്‍വീസിനെതിരെ എതിര്‍പ്പ് സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബസ് ജീവനക്കാര്‍ ആരോപിക്കുന്നു.
അതിനിടെ റോബിന്‍ ബസുമായി മത്സരിക്കാനുറച്ച് അതേ റൂട്ടില്‍ തന്നെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് യാത്ര പുറപ്പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ 4.30നാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക