ഓടുന്ന വണ്ടിക്ക് മുന്നില്‍ ചാടുന്നത് പ്രതിഷേധമല്ല; ഡിവൈഎഫ്‌ഐയുടേത് ജീവന്‍രക്ഷാ പ്രവര്‍ത്തനം; പിണറായി

ബസിന്റെ മുന്നിലേക്ക് ചാടിയപ്പോള്‍ അയാള്‍ അപകടപ്പെടാതിരിക്കാനുള്ള, ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗമാണ് ഡിവൈഎഫ്‌ഐക്കാര്‍ സ്വീകരിച്ചത്.
പിണറായി വിജയന്‍
പിണറായി വിജയന്‍

കണ്ണൂര്‍: ഓടുന്ന വണ്ടിക്ക് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വണ്ടിക്ക് മുന്നില്‍ ചാടുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്താകുമെന്നും വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സംഘര്‍ഷാന്തരീക്ഷം ഉണ്ടെന്ന് വരുത്തി തീര്‍ത്തി  ഇതില്‍ പങ്കെടുക്കുന്ന നിക്ഷ്പക്ഷമതിയായ ആളുകളെ തടയാന്‍ പറ്റുമോ എന്ന ശ്രമമമാണ് അവര്‍ നടത്തുന്നത്. ഇതൊക്കെ തങ്ങളുടെ നേരയുള്ള പ്രയോഗമായിട്ടല്ല കാണുന്നത്. ഇതിന്റെ ഒരുമാനം വേറെയാണ്. ജനലക്ഷങ്ങള്‍ ഒഴുകിവരുമ്പോള്‍ അതിനെ തടയാന്‍ വേറെ മാര്‍ഗം കാണാതിരിക്കുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല.  എന്നാല്‍, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആള്‍ക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ജീവന്‍ അപകടത്തില്‍പ്പെടുത്താന്‍ തക്കവിധത്തില്‍ ഒരാള്‍ ചാടിവരുമ്പോള്‍ അതിനെ നല്ലരീതിയില്‍ ബലം പ്രയോഗിച്ച് തന്നെ മാറ്റേണ്ടതുണ്ട്. ആ മാറ്റലാണ് ഇന്നലെ ഉണ്ടായത്. തന്റെ കണ്‍മുന്നിലാണ് അതെല്ലാം നടന്നത്. തനിക്ക് നേരെ വന്നവര്‍ക്ക് നേരെ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയത് ആക്രമണമായിരുന്നില്ല. ബസിന്റെ മുന്നിലേക്ക് ചാടിയപ്പോള്‍ അയാള്‍ അപകടപ്പെടാതിരിക്കാനുള്ള, ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗമാണ് ഡിവൈഎഫ്‌ഐക്കാര്‍ സ്വീകരിച്ചത്.  അവിടെ അവര്‍ക്ക് വേദനപറ്റുമോയെന്ന് നോക്കിയിട്ട് കാര്യമില്ല. അയാളെ തള്ളിമാറ്റലാണ് പ്രധാനം. അത് മാതൃകാപരമായിരുന്നു. ആരീതികള്‍ തുടര്‍ന്നുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നവകേരള സദസ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്,  ഇത്തരം പ്രകടനകള്‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല എന്നതാണ് കാണേണ്ടത്. അത്  അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. ഇത് ജനങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനകീയ സദസുകളാണ്. ഇതിനെ തകര്‍ക്കാന്‍ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളില്‍ വീണുപോകാതിരിക്കാനും എല്‍ഡിഎഫ് ഗവണ്‍മെന്റിനെ സ്‌നേഹിക്കുന്ന എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്ന എല്ലാവരും ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങള്‍ ഉത്തരവാദപ്പെട്ട ചിലരില്‍ നിന്ന് വന്നതായി കണ്ടു. നവകേരള സദസ്'അശ്ളീല നാടകമാണ്'എന്ന് ആക്ഷേപിച്ചതും കെട്ടു.  ആരെയാണ് ഇതിലൂടെ അപമാനിക്കുന്നതും അവഹേളിക്കുന്നതും? ഇതില്‍ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ?   ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നത്? ജനലക്ഷങ്ങള്‍ ഒഴുകി വരുന്നത് തടയാന്‍ വേറെ മാര്‍ഗമില്ലാതായപ്പോള്‍ അതിനെ തടയാന്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com