തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ കാര്‍ഡ് നിര്‍മ്മിക്കാനുള്ള ആപ്പ് നിര്‍മ്മിച്ചത് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും പൊലീസ് പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയതിന്‍റെ മുഖ്യസൂത്രധാരൻ തൃക്കരിപ്പൂർ സ്വദേശി ജെയ്സണ്‍ തോമസാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു. തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്സണ്‍ തോമസാണ് മദർ കാർഡ് ഉപയോഗിച്ച് വ്യാജ കാർഡുകളുടെ നിർമ്മാണം തുടങ്ങിയതെന്നാണ് പൊലിസിന്‍റെ കണ്ടെത്തൽ.
തെളിവ് ലഭിച്ചതിന് പിന്നാലെ ജെയ്സണ്‍ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. പത്തനംതിട്ടയിൽ വ്യാജ കാർഡ് നിർമ്മിക്കാൻ പണം നൽകിയ വൈസ് പ്രസിഡൻ്റ് രഞ്ചുവിനെ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നാല് പ്രതികള്‍ക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ പൊലീസ് അപ്പീൽ നൽകില്ല. വ്യാജ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നിർണായക തെളിവ് ലഭിച്ച സാഹചര്യത്തിൽ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയാകില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ