അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടു?; ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് അന്വേഷണം; വീഡിയോ

കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ കാര്‍ വേഗത കുറയ്ക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് പുറത്തുവന്ന വീഡിയോ ദൃശ്യത്തില്‍ നിന്ന്
അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് പുറത്തുവന്ന വീഡിയോ ദൃശ്യത്തില്‍ നിന്ന്

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെ ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ വേഗത കുറയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പള്ളിക്കല്‍ മൂതല ഭാഗത്തുനിന്നുളള ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരൂ മണിക്കുര്‍ മുന്‍പ് റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തുന്നത് കാണാം. ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായാണ് പൊലീസ് സംശയിക്കുന്നത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ അമ്മയും മറ്റും എത്തുന്നതോടെ കാര്‍ അവിടെ നിന്ന് വേഗത്തില്‍ പോകുന്നതും പിന്നീട് അഞ്ച് മിനിറ്റിനകം കാര്‍ തിരിച്ചെത്തി അവിടെ നിര്‍ത്തിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഒായൂര്‍ ഭാഗത്തേക്ക് പോയ ഈ കാറിലാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. കാറിന്റെ യാത്ര വളരെ ദുരൂഹമാണ്. നാല് പേരാണ് കാറിനകത്തുണ്ടായിരുന്നത്. അവര്‍ മാസ്‌ക് ധരിച്ചിരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനത്തില്‍ ഉള്ള സ്ത്രീയെ കുടാതെ മറ്റ് രണ്ട് സ്ത്രീകള്‍ കൂടി സംഘത്തിലുള്ളതായാണ് പുറത്തുവരുന്നത്.

അതേസമയം, അബിഗേലിനെ തട്ടിക്കൊണ്ടു പോയവര്‍ കൊല്ലം ജില്ലക്കാര്‍ തന്നെയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വര്‍ക്കല കല്ലുവാതുക്കല്‍ ഭാഗത്തേക്കാണെന്ന് പൊലീസിനു സൂചന ലഭിച്ചു. അന്നു രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേല്‍ പൊലീസിനു മൊഴി നല്‍കി.

സംശയനിഴലിലുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ പൊലീസ് അബിഗേലിനെ കാണിച്ചെങ്കിലും തിരിച്ചറിയാനായില്ല. അബിഗേല്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.തട്ടിയെടുത്തതിനു പിന്നാലെ അബിഗേലിനു മയങ്ങാന്‍ മരുന്നു നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ രക്തവും മൂത്രവും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. 

നിലവില്‍ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ഇന്നു വൈകിട്ടോടെ വീട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കുട്ടിയുടെ പിതാവും മാതാവും ആശുപത്രിയില്‍ ഒപ്പമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com