'രാഷ്ട്രീയ വിവേകമുള്ള തീരുമാനങ്ങള്‍ വരട്ടെ'; ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തണം: സുപ്രീം കോടതി

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ ഇച്ഛയ്ക്കു വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍

ന്യൂഡല്‍ഹി: നിയമസസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും ചര്‍ച്ച നടത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി. ഇത്തരം ചര്‍ച്ചയില്‍ രാഷ്ട്രീയ വിവേകമുള്ള തീരുമാനങ്ങള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദേശം.

ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന എട്ടു ബില്ലുകളില്‍ ഏഴെണ്ണം രാഷ്ട്രപതിയുടെ തീരുമാനത്തിനു വിടുകയാണെന്ന് ഗവര്‍ണര്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി കോടതിയെ അറിയിച്ചു. ഒന്നിന് ഗവര്‍ണര്‍ അനുമതി നല്‍കിയതായും അറിയിച്ചു. ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം സമയബന്ധിതമാവുന്നതിന് മാര്‍ഗ നിര്‍ദേശം വേണമെന്ന ആവശ്യം ഉള്‍പ്പെടുത്തി ഹര്‍ജി പരിഷ്‌കരിക്കാന്‍ കേരളത്തിനു കോടതി അനുമതി നല്‍കി.

ഗവര്‍ണര്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട മന്ത്രിമാരോടും ചര്‍ച്ച നടത്തുമെന്ന കാര്യം രേഖപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞു. ഇത്തരം ചര്‍ച്ചയില്‍ രാഷ്ട്രീയ വിവേകമുള്ള തീരുമാനങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം കോടതി ഭരണഘടനാപരമായ  ചുമതല നിറവേറ്റുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോയതിന് കാരണമൊന്നും കാണുന്നില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ ഇച്ഛയ്ക്കു വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

കേസ് കോടതിയുടെ മുന്നില്‍ എത്തിയതിനു ശേഷമാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്ന് നിരീക്ഷിച്ച, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഹര്‍ജിയില്‍ ഉന്നയിച്ച വിഷയം തീര്‍പ്പായതായി തുടക്കത്തില്‍ അഭിപ്രായപ്പെട്ടെങ്കിലും ഹര്‍ജി പരിഷ്‌കരിക്കാന്‍ കേരളത്തെ അനുവദിക്കുകയായിരുന്നു.

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കായി മാര്‍ഗ നിര്‍ദേശം കൊണ്ടുവരണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com