കൊച്ചി: എറണാകുളം ജങ്ഷന്‍ റെയില്‍വെ സ്റ്റേഷന് രാജാവിന്റെ പേര് നല്‍കാനുള്ള കൊച്ചി നഗരസഭ പ്രമേയത്തെ വിമര്‍ശിച്ച് സിപിഎം സഹയാത്രികന്‍ അശോകന്‍ ചെരുവില്‍. 'നമ്മുടെ ഗൃഹാതുര പൈങ്കിളിഭാവനകള്‍ രാജവാഴ്ചയെ ഇപ്പോഴും പൊലിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യമല്ല രാജാവിന്റെ ഭരണമാണ് മെച്ചപ്പെട്ടത് എന്നു പറയാന്‍ കേരളത്തില്‍ പോലും ആളുണ്ട്'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മ്മന്റെ പേര് നല്‍കാനാണ് പ്രമേയം പാസാക്കിയത്. ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വെ പാത നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ പേര് മാറ്റം നിര്‍ദേശിച്ചത്.
അശോകന്‍ ചെരുവിലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കൊച്ചിരാജാവ് ചോദിക്കുന്നു:
'വിക്ടോറിയ നിന്നെ തൊട്ട്വോ?'
ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം, വിവിധ ഫ്യൂഡല്‍ നാടുവാഴി / രാജവാഴ്ചകളെക്കുറിച്ച് ഊഹങ്ങളിലധിഷ്ടിതമായ അന്ധധാരണകളാണ് നമുക്കുള്ളത് എന്നതാണ്. പിന്നിട്ട ജാതിമേധാവിത്തക്കാലത്തേയും അതിന്റെ ഭാഗമായ നാടുവാഴിത്വത്തേയും അപഗ്രഥിച്ച് പഠിച്ച് സര്‍ഗ്ഗാത്മകമാക്കി വിലയിരുത്തി സമൂഹമനസ്സാക്ഷിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ നടന്ന സാംസ്‌കാരിക മുന്നേറ്റത്തിനു പോലും സാധിച്ചിട്ടിട്ടില്ല. നമ്മുടെ ഗൃഹാതുര പൈങ്കിളിഭാവനകള്‍ രാജവാഴ്ചയെ ഇപ്പോഴും പൊലിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യമല്ല രാജാവിന്റെ ഭരണമാണ് മെച്ചപ്പെട്ടത് എന്നു പറയാന്‍ കേരളത്തില്‍ പോലും ആളുണ്ട്. തിരുവനന്തപുരത്ത് ഒരു സത്രീ രാജ്ഞി ചമഞ്ഞ് ആദിവാസികളില്‍ നിന്ന് തിരുമുല്‍ക്കാഴ്ച സ്വീകരിച്ചു കൊണ്ടിരിക്കുന്നു.
ദേശീയസമരക്കാലത്തെ നയങ്ങളില്‍ നിന്നു വ്യതിചലിച്ച് ഫ്യൂഡല്‍ അവശിഷ്ടാധികാര രൂപങ്ങളും സംസ്‌കാരവുമായും സന്ധി ചെയ്തു ഭരണം തുടങ്ങിയ കോണ്‍ഗ്രസ് പാര്‍ടിയാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതി. അവര്‍ താലോലിച്ചു സംരക്ഷിച്ചു നിര്‍ത്തിയ ജീര്‍ണ്ണാവശിഷ്ടങ്ങളില്‍ നിന്നാണ് ഹിന്ദുത്വരാഷ്ട്രീയം വളര്‍ന്നു വികസിച്ച് ഇന്നത്തെ ഭീകരരൂപത്തില്‍ എത്തിയത്.
ഏറ്റവും പ്രധാനമായ സംഗതി വാഴ്ത്തപ്പെടുന്ന ഈ നാടുവാഴികളെല്ലാവരും നാടിനെ വൈദേശികശക്തികള്‍ക്ക് കൈത്താലത്തില്‍ സമര്‍പ്പിച്ച് അതിന്റെ ഒറ്റുകാശുകൊണ്ട് പ്രതാപം കാട്ടി നടന്നവരാണ് എന്നതാണ്. അവശേഷിപ്പായി കിട്ടിയ വാളും നിയമവും ഇവരുപയോഗിച്ചത് ബ്രാഹ്മണിസവും ജാതിമേധാവിത്തവും അടിച്ചേല്‍പ്പിച്ച് പണിയെടുക്കുന്ന മനുഷ്യനെ കീടത്തെപ്പോലെ ചവിട്ടിയരക്കാനാണ്.
വൈദ്യബിരുദം നേടി പണിയന്വേഷിച്ചു ചെന്ന ഡോ.പല്‍പ്പുവിനെ കണ്ണീരോടെ പടിയിറക്കി വിട്ടത് തിരുവതാംകൂര്‍ രാജാവാണ്. വയലാര്‍ പുന്നപ്രയിലടക്കം ഉണര്‍ന്നു മുന്നേറിയ ദേശീയ സ്വാതന്ത്ര്യതൃഷ്ണയെ വെടിയുണ്ടകള്‍ കൊണ്ടു നേരിട്ടതിന്റെ ഉത്തരവാദിത്വം ഒരു ദിവാനില്‍ മാത്രം ആരോപിക്കാനാവുമോ? പ്രജാമണ്ഡലം വാര്‍ഷികസമ്മേളനം നിരോധിച്ച് അവിടെ ദേശീയ പതാകയുയര്‍ത്തിയ ഇ ഗോപാലകൃഷ്ണ മേനോന്‍ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ചോര ഇരിഞ്ഞാലക്കുട അയ്യന്‍കാവ് മൈതാനത്തില്‍ വീഴ്ത്തിയതിന്റെ കുറ്റം ഒരു പാപ്പാളി പോലീസില്‍ ഒതുങ്ങി നില്‍ക്കുമോ?
ശുദ്ധമണ്ടരും കോമാളികളും ബ്രിട്ടീഷ് വാഴ്ചയുടെ വിനീതദാസന്മാരുമായിരുന്നു കൊച്ചിരാജാക്കന്മാര്‍. ഇവരുടെ 'മഹത്തായ' രാജ്യഭാരത്തെ സര്‍ഗാത്മകമായി വെളിപ്പെടുത്തിയത് വികെഎന്‍ ഒരാള്‍ മാത്രമാണ്.
ലണ്ടനില്‍നിന്നു മടങ്ങിയ സര്‍ ചാത്തുവിനോട് ഇക്കിളിപ്പെട്ട് തമ്പുരാന്‍ ചോദിച്ചു:
'വിക്ടോറിയ നിന്നെ തൊട്ടോ?'
വൈസ്രോയിയുടെ കൂടെ വന്ന ഭാര്യയെക്കണ്ട് തമ്പുരാന്‍:
'കൂടെയുള്ളത് മഹളാവും അല്ലേ? തെരണ്ട്വോ?'
ബുദ്ധിമാന്ദ്യം മഹത്വത്തിന്റെ ലക്ഷണമല്ല. വിദ്യാഭ്യാസവും അറിവും ലോകപരിചയവും ഇല്ലാത്തതു കൊണ്ടുണ്ടാവുന്ന പരിമിതിയെ വിശേഷിപ്പിക്കാനുള്ള വാക്കല്ല ലളിതജീവിതം എന്നത്. വിശേഷിച്ചും ലണ്ടനില്‍ പഠിച്ച് ആഫ്രിക്കയില്‍ ജോലി ചെയ്ത് മടങ്ങിയ ബാരിസ്റ്റര്‍ സൂര്യസ്മരണയായി നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യത്ത്. സ്വത്തെല്ലാം പാര്‍ടിക്കും പത്രത്തിനും എഴുതിക്കൊടുത്ത് നിര്‍ദ്ധനനായി ജീവിച്ച ഒരാള്‍ ഒന്നാമത്തെ മുഖ്യമന്ത്രിയായി ലോകശ്രദ്ധയില്‍ വന്ന ഒരു സംസ്ഥാനത്ത്.
ഈ വാർത്ത കൂടി വായിക്കൂ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷനും ജില്‍സും പതിനാല് ദിവസം റിമാന്‍ഡില്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates